കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ഒപി ഉദ്ഘാടനം ചെയ്തു
കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് ഓണ്‍ലൈന്‍ വഴി നിർവ്വഹിച്ചു. ഇവിടെ ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കും. ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മെഡിക്കല്‍ കോളേജിനെ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളേജാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുക. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസര്‍ഗോഡിന്റെ ദീര്‍ഘനാളായുള്ള ആവശ്യമായ ന്യൂറോളജിസ്റ്റിനെ നിയമിക്കുകയും ചെയ്തു. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.