കശ്‌മീർ ഫയൽസ്; നദവ് ലാപിഡിനെ പിന്തുണച്ച് മറ്റ് ജൂറി അംഗങ്ങള്‍
ന്യൂഡല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് 'അശ്ലീലവും' 'പ്രൊപ്പഗണ്ട സിനിമ'യുമാണെന്ന രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദവ് ലാപിഡിന്റെ വിവാദ പ്രസ്താവനയെ പിന്തുണച്ച് സഹ ജൂറി അംഗങ്ങൾ. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർട്ടുറൻ, പാസ്‌കേൽ ചാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദവ് ലാപിഡിന് പിന്തുണയുമായെത്തിയത്. നദവ് ലാപിഡിന്റെ പരാമർശം വ്യക്തിപരമാണെന്ന് ജൂറിയിലെ ഏക ഇന്ത്യക്കാരനായ ചലച്ചിത്ര നിർമ്മാതാവ് സുദീപ്‌തോ സെൻ വ്യക്തമാക്കിയിരുന്നു. കശ്മീർ ഫയൽസിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് വ്യക്തമാക്കുന്നതാണ് മറ്റു ജൂറി അംഗങ്ങളുടെ പ്രസ്താവന. "കാശ്മീർ ഫയൽസ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങൾക്ക് തോന്നി. മഹത്തായ ചലച്ചിത്ര മേളയിൽ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു." ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ ജൂറി അംഗങ്ങൾ പറഞ്ഞു.