സോഷ്യൽ മീഡിയയിൽ വൈറലായി കശ്മീരി മുത്തശ്ശിയുടെ ഇംഗ്ലിഷ് ഉച്ചാരണം

ഒരു കശ്മീരി മുത്തശ്ശിയുടെ ഇംഗ്ലിഷ് പഠനം ഇൻ്റർനെറ്റിൽ വൈറലായി. പുതുതായി ഇംഗ്ലിഷ് പഠിച്ചുവരുന്ന മുത്തശ്ശിയുടെ ഭാഷാ മികവ് പ്രദർശിപ്പിക്കുന്ന വീഡിയോ ആണ് ഇൻ്റർനെറ്റിൽ ഹിറ്റായത്. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മുത്തശ്ശിക്കൊപ്പമുള്ളത് അവരുടെ കൊച്ചുമകനെപ്പോലെ തോന്നിക്കുന്ന ഒരു യുവാവാണ്.

സയ്യിദ് സ്ലീറ്റ് ഷാ എന്നയാളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. ആദ്യം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ പിന്നീട് വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും നാടാകെ പ്രചരിക്കുകയായിരുന്നു.

ചില പഴങ്ങൾ, പച്ചക്കറികൾ, മൃഗങ്ങൾ എന്നിവയുടെ പേരുകൾ കശ്മീരിയിൽ ഉച്ചരിക്കുന്ന യുവാവ് ഏതാണ്ട് 80 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് അവ ഇംഗ്ലിഷിൽ പറയാൻ ആവശ്യപ്പെടുകയാണ്.

'പൂച്ച' എന്നതിൻ്റെ കൃത്യമായ ഇംഗ്ലിഷ് പറയുന്നതിൽ ആദ്യം തെറ്റ് പറ്റുന്നുണ്ടെങ്കിലും പിന്നീട് 'ക്യാത് ' എന്ന് ഉച്ചരിച്ച് അവരത് മറികടക്കുന്നുണ്ട്. പിന്നീട് ഉള്ളി, ആപ്പിൾ, വെളുത്തുള്ളി, നായ എന്നിങ്ങനെ ഓരോന്നാരോന്നായി തെറ്റാതെ ഇംഗ്ലിഷിൽ പറയുന്നുണ്ട്. വൃദ്ധയുടെ കശ്മീരി ഉച്ചാരണമാണ് ആളുകളെ ആകർഷിക്കുന്നത്.

വൃദ്ധ ഏത് പ്രദേശത്തുകാരിയാണ് എന്നതിൽ വ്യക്തതയില്ലെങ്കിലും യുവാവിൻ്റെ ഉച്ചാരണത്തിൽ നിന്ന് അവർ താഴ്‌വരയിലെ ഒരു ഗ്രാമീണ ജില്ലയിൽ നിന്നുള്ളവരാണെന്ന സൂചനയുണ്ട്.

Related Posts