കശ്മീരി യുവാവിന് മുറി നിഷേധിച്ച് ഡൽഹിയിലെ ഹോട്ടൽ,' 'കശ്മീർ ഫയൽസ് ' ഇംപാക്റ്റ് എന്ന് ആരോപണം, സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം
കശ്മീരി യുവാവിന് മുറി നിഷേധിച്ച ഡൽഹിയിലെ ഹോട്ടലിനെതിരെ ദേശവ്യാപക പ്രതിഷേധം. സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ഓയോ റൂംസിൻ്റെ വെബ് സൈറ്റ് വഴിയാണ് യുവാവ് ഹോട്ടലിൽ റൂം ബുക്ക് ചെയ്തത്. ചെക്ക്-ഇന്നിനായി എത്തിയപ്പോൾ മുറി നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് ജീവനക്കാരി യുവാവിനെ മടക്കി അയയ്ക്കുകയായിരുന്നു.
ആധാർ കാർഡ് ഉൾപ്പെടെ മുഴുവൻ രേഖകളും കൈവശം ഉണ്ടായിട്ടും മുറി നിഷേധിച്ചത് കശ്മീരിയാണ് എന്ന ഒറ്റക്കാരണം കൊണ്ടാണ്. കശ്മീർ ഫയൽസ് എന്ന സിനിമയുടെ ഇംപാക്റ്റാണ് കശ്മീരി മുസ്ലിം യുവാവിന് മുറി നിഷേധിക്കാൻ ഇടയാക്കിയത് എന്ന അടിക്കുറിപ്പോടെ ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ വക്താവ് വീഡിയോ ട്വീറ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു. കശ്മീരികൾക്ക് മുറി നൽകരുത് എന്ന നിർദേശം ഡൽഹി പൊലീസ് നൽകിയിട്ടുണ്ടെന്നാണ് ഹോട്ടൽ ജീവനക്കാരി വീഡിയോയിൽ പറയുന്നത്.
സംഭവം വിവാദമായതോടെ അത്തരം നിർദേശങ്ങളൊന്നും നൽകിയിട്ടില്ല എന്ന വിശദീകരണവുമായി ഡൽഹി പൊലീസ് രംഗത്തുവന്നു. ഡൽഹി പൊലീസിൻ്റെ പ്രതിച്ഛായ മോശമാക്കാൻ മന:പൂർവം ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തങ്ങളുടെ മുറികളും ഹൃദയവും എല്ലാവർക്കുമായി തുറന്നിരിക്കുകയാണെന്നും ഡൽഹിയിൽ സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നുമുള്ള വിശദീകരണവുമായി ഓയോ റൂംസും രംഗത്തെത്തിയിട്ടുണ്ട്.