മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് കത്രീന; സന്തോഷം തരുന്ന ഇടമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റ്
മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് പ്രമുഖ ബോളിവുഡ് താരം കത്രീന കയ്ഫ്. തനിക്ക് സന്തോഷം തരുന്ന ഇടമാണ് മാല ദ്വീപുകൾ എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കടൽക്കരയിൽ വെയിൽ കാഞ്ഞ് ഉല്ലാസ ഭാവത്തിൽ ഇരിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്.
അടുത്തിടെയാണ് പ്രമുഖ നടനും മോഡലുമായ വിക്കി കൗശലുമായുളള കത്രീനയുടെ വിവാഹം നടന്നത്. രാജസ്ഥാനിലെ സവായ് മാധോപൂരിലെ ആഡംബര റിസോർട്ടിൽ വെച്ചുള്ള വിവാഹം ഒ ടി ടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്തത് വലിയ വാർത്തയായിരുന്നു.
ഹോങ്കോങ്ങിൽ ജനിച്ച നടിക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്. 2003-ൽ ബൂം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ കത്രീന ശ്രദ്ധിക്കപ്പെടുന്നത് തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ മല്ലീശ്വരി എന്ന തെലുഗ് ചിത്രത്തിലൂടെയാണ്. രാജ്നീതി, സിന്ദഗി നാ മിലേഗി ദുബാര, ഏക് ദാ ടൈഗർ, ദൂം 3, ബാങ് ബാങ്, സൂര്യവംശി, സീറോ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2006-ൽ പുറത്തിറങ്ങിയ ബൽറാം v/s താരാദാസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും കത്രീന മുഖം കാണിച്ചിട്ടുണ്ട്.