വിവാഹത്തിനുശേഷം ആദ്യമായി ഹൽവയുണ്ടാക്കി കത്രീന കയ്ഫ്

വിവാഹത്തിനുശേഷം ആദ്യമായി സ്വന്തം കൈകൊണ്ട് മധുര പലഹാരം ഉണ്ടാക്കി പ്രശസ്ത ബോളിവുഡ് താരം കത്രീന കയ്ഫ്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് താൻ ഹൽവ ഉണ്ടാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഭംഗിയുള്ള ഒരു ബൗളിൽ നിറച്ച ഹൽവയുടെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.
''ഞാൻ ഉണ്ടാക്കിയതാണ് " എന്ന അർത്ഥത്തിലുള്ള "മേനെ ബനായ", വിവാഹത്തിനു ശേഷമുള്ള ആചാരപ്രകാരമാണെന്ന് കാണിക്കുന്ന "ചൗങ്ക ചർദാന" എന്നീ വാക്കുകളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഡിസംബർ 9-നാണ് പ്രശസ്ത ബോളിവുഡ് നടൻ വിക്കി കൗശലുമായുള്ള കത്രീനയുടെ വിവാഹം നടക്കുന്നത്. രാജസ്ഥാനിലെ സവായ് മാഥോപൂരിലുള്ള സിക്സ് സെൻസസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹം. 120-ഓളം ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് വിവാഹച്ചടങ്ങിൽ സംബന്ധിച്ചത്. സെലിബ്രിറ്റി കല്യാണത്തിന് പഴുതടച്ച സുരക്ഷ ഒരുക്കിയിരുന്നു.