അക്ഷയ് കുമാർ നടത്തിയ ടെസ്റ്റിൽ വിജയിച്ച് കത്രീന കയ്ഫ്
കളക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച് അക്ഷയ്കുമാർ-കത്രീന കയ്ഫ് ജോഡികളായ 'സൂര്യവൻഷി' ബോക്സോഫീസ് വിജയം കൊയ്യുമ്പോൾ രസകരമായ പ്രൊമോഷൻ പരിപാടികളിൽ മുഴുകുകയാണ് താരങ്ങളും അണിയറ പ്രവർത്തകരും. ചിത്രത്തിലെ നായികാ നായകന്മാരായ കത്രീനയെയും അക്ഷയിനെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള നിരവധി ഈവൻ്റുകളും പ്രൊമോഷൻ പ്രോഗ്രാമുകളുമാണ് ഇതിനോടകം പുറത്തുവന്നത്. നടൻ വിക്കി കൗശലുമായുള്ള വിവാഹത്തെപ്പറ്റി നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തുവന്ന പുതിയ പ്രൊമോഷൻ ഷോയിൽ കത്രീനയുടെ കല്യാണവും ചർച്ചാ വിഷയമാക്കുന്നു എന്നതാണ് രസകരമായ കാര്യം.
കപിൽ ശർമ ചാറ്റ്ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡിലാണ് രസകരമായ സംഭവങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. അതിലൊന്ന് കത്രീന കയ്ഫിനെ അക്ഷയ് കുമാർ ഒരു ടെസ്റ്റിന് വിധേയമാക്കുന്നതാണ്. അടുക്കള ഉപകരണങ്ങളുമായി താരത്തിനുള്ള പരിചയമാണ് അളക്കുന്നത്. ലാഡിൽ, ഗ്രെയ്റ്റർ, ടോങ്സ്, സ്ട്രെയ്നർ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ കാണിച്ച് അവ എന്താണെന്നും അതുകൊണ്ടുള്ള ഉപയോഗമെന്തെന്നും കത്രീന പറയണം. അതാണ് ടെസ്റ്റ്. ഒടുവിൽ ടെസ്റ്റിൽ ഏതാണ്ട് വിജയിക്കുന്ന കത്രീന കല്യാണത്തിന് റെഡിയാണ് എന്ന് അക്ഷയ് പറയുമ്പോൾ എല്ലാവരും പൊട്ടിച്ചിരിക്കുന്നിടത്താണ് പ്രൊമോഷൻ വീഡിയോ അവസാനിക്കുന്നത്. പൊളിറ്റിക്കൽ കറക്റ്റ്നസിനെക്കുറിച്ച് സൂക്ഷ്മതയോടെ ചർച്ചചെയ്യുന്ന മലയാള സിനിമയിൽ, സ്ത്രീകളെ അടുക്കളയിൽ തളച്ചിടുന്ന പരമ്പരാഗത ധാരണകളുടെ ചുവടുപിടിച്ചുള്ള ഇത്തരം ഒരു പ്രൊമോഷൻ പ്രോഗ്രാം ഇറങ്ങിയാലുള്ള പുകിലൊക്കെ ആലോചിക്കാവുന്നതേയുള്ളൂ.