കത്രീന-വിക്കി വിവാഹം; വരന് അകമ്പടിയായി ഏഴു വെളളക്കുതിരകൾ
ദിനംതോറും പുതിയ വിശേഷങ്ങളുമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡിലെ താരജോഡികളായ കത്രീന കൈഫിൻ്റെയും വിക്കി കൗശലിൻ്റെയും വിവാഹം. വിവാഹവേദിയിലേക്ക് വരൻ എത്തുക ഏഴ് വെളളക്കുതിരകളുടെ അകമ്പടിയോടെയാവും എന്നാണ് പുതിയ വാർത്ത. ബോളിവുഡിലെ താര രാജാക്കന്മാരും റാണികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വ്യവസായ പ്രമാണികളുമെല്ലാം സംബന്ധിക്കുമെന്ന് കരുതപ്പെടുന്ന വിവാഹച്ചടങ്ങുകൾക്ക് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷാ ഭടന്മാർക്കും ബൗൺസർമാർക്കും മാത്രമായി നിരവധി ധർമശാലകൾ ഒരുക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് തുടങ്ങുന്ന വിവാഹ ആഘോഷങ്ങൾ ഡിസംബർ 9 വരെ നീണ്ടുനിൽക്കും. രാജസ്ഥാനിലെ സവായ് മാധോപൂരിലാണ് വിവാഹ വേദി.
രൻഥാംബോറിലെ താജ് ഉൾപ്പെടെയുള്ള നക്ഷത്ര ഹോട്ടലുകളിലാണ് അതിഥികൾ തങ്ങുന്നത്. ഇതു കൂടാതെ പ്രദേശത്തെ മറ്റ് ഹോട്ടലുകളിലും മറ്റുമായി നൂറുകണക്കിന് മുറികളും വിശാലമായ ഹാളുകളും ഒരുക്കിയിട്ടുണ്ട്. ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ വിവാഹത്തിനെത്തുമെന്നാണ് പറയപ്പെടുന്നത്. വിവിഐപി വിവാഹത്തിന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് സവായ് മാധോപൂരിലെ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്.