കാവാലം ചിറയില്‍ ഇനി റോസാപ്പൂ വിരിയും
കാവാലം ചിറയില്‍ ഇനി റോസാപ്പൂക്കള്‍ വിരിയും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കാവാലം ചിറയിലാണ് റോസാപൂ ഉദ്യാനം. പ്രാദേശിക വികസന ടൂറിസത്തിൻ്റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തിയാണ് റോസാപ്പൂ തോട്ടം ഒരുക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ കാവാലം ചിറയില്‍ ഗ്രാമീണ ഉദ്യാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂന്തോട്ടം തയ്യാറാക്കുന്നത്.
പതിയാരം-മലയകം പാതയോട് ചേര്‍ന്നുള്ള ചിറയുടെ ചെങ്കുത്തായ അതിരില്‍ തട്ടുതട്ടായാണ് റോസാചെടികള്‍ നടുന്നത്. നഴ്‌സറികളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള തൈകളാണ് നടുന്നത്. അതിരുകളില്‍ വേലിക്കെട്ടി തിരിച്ച് ചിറയുടെ പരിസരം സംരക്ഷിക്കുന്നുണ്ട്. ചിറയ്ക്ക് ചുറ്റും സവാരിക്കായി നടപ്പാത, ഇരിപ്പിടങ്ങള്‍, സുരക്ഷാവേലി, വ്യായാമ ഉപകരണങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി കാര്‍ഷിക നഴ്‌സറി, എന്നിവയ്ക്ക് പുറമെ കുടുംബശ്രീയുമായി ബന്ധപ്പെടുത്തി വിവിധ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
അഞ്ച് ഏക്കറോളം സ്ഥലത്താണ് കാവാലം ചിറ നിറഞ്ഞു നില്‍ക്കുന്നത്. വേനലിലും വറ്റാതെ നില്‍ക്കുന്നതിനാല്‍ ചുറ്റുവട്ടത്തുള്ള കൃഷിക്കും ചിറയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. ചിറയ്ക്ക് ചുറ്റും പത്ത് മീറ്റര്‍ വീതിയിലുള്ള നടപ്പാതയുമുണ്ട്. ഈ പ്രദേശം പാലക്കാട് അതിര്‍ത്തിയും പങ്കിടുന്നുണ്ട്. നിറഞ്ഞു നില്‍ക്കുന്ന പാടങ്ങളും കുന്നുകളുമെല്ലാം ചേര്‍ന്ന് പ്രകൃതി മനോഹരമാണ് ഈ പ്രദേശം. ഇതിനടുത്തുള്ള കുന്നത്തേരി പാടശേഖരം ഇരുന്നൂറ് ഏക്കറോളം വിസ്തൃതിയിലാണുള്ളത്. ഇവിടേക്കുള്ള ജലസേചനവും ചിറയില്‍ നിന്നാണ് ഉപയോഗിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൂന്തോട്ടം ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസത്തിനും വ്യായാമത്തിനും വരാന്‍ കഴിയുന്ന രീതിയിലേയ്ക്ക് പ്രദേശത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഉദ്യാനത്തിൻ്റെ നിര്‍മാണോദ്ഘാടനം ഞായറാഴ്ച എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബസന്ത് ലാല്‍ നിര്‍വഹിച്ചു.