കെ എൽ എക്സ് 450 ആർ പുതിയ മോഡൽ അവതരിപ്പിച്ച് കവാസാക്കി

കവാസാക്കി ഇന്ത്യ പുതിയ ഡേർട്ട് ബൈക്ക് രാജ്യത്ത് അവതരിപ്പിച്ചു. കെ എൽ എക്സ് 450 ആർ പുതിയ ഓഫ് റോഡ് മോട്ടോർസൈക്കിളിന് 8.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പഴയ മോഡലിനെക്കാൾ 50,000 രൂപ കൂടുതലാണ്.

പുതിയ ബൈക്കിന്റെ ഡെലിവറി 2022 ജനുവരിയിൽ ആരംഭിക്കും. മുൻഗാമിയെപ്പോലെ ഒരു സി ബി യു (കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്) ആയിട്ടാണ് പുതിയ ബൈക്കും ഇന്ത്യയിലെത്തുന്നത്. വർഷം തോറും അപ്‌ഡേറ്റ് ചെയ്യുന്ന കവാസാക്കി കെ എൽ എക്സ് 450 ആർ മോഡലിന് പുതിയ ലൈം ഗ്രീൻ കളർ ഓപ്ഷനും പുതിയ സെറ്റ് ഡെക്കലുകളും നൽകിയിട്ടുണ്ട്. മികച്ച ലോ എൻഡ് ടോർക്കിനായി പവർട്രെയിനിൽ ചെറിയ അപ്‌ഡേറ്റുകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. മറ്റ് അപ്‌ഡേറ്റുകളിൽ ട്വീക്ക് ചെയ്ത സസ്പെൻഷനും ഉൾപ്പെടുന്നു.

2022 അവസാനത്തോടെ മൂന്ന് പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് ബൈക്കുകൾ വിപണിയിൽ ഇറക്കുമെന്ന് കവാസാക്കി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഒക്ടോബറിൽ കമ്പനി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇത് വരുന്നത്. 2035 ഓടെ നിലവിലുള്ള മോഡലുകളിൽ ഭൂരിഭാഗവും ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളാക്കി മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്.

Related Posts