സഹപാഠിയ്ക്ക് ഒരു സ്നേഹക്കൂടൊരുക്കി കഴിമ്പ്രം സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ.
കഴിമ്പ്രം: കഴിമ്പ്രം വി പി എം എസ് എൻ ഡി പി സ്കൂൾ 1985 എസ് എസ് എൽ സി ബാച്ചിൻ്റെ പൂർവ്വവിദ്യാർത്ഥി സംഘടനായ ചങ്ക്‌സിൻ്റെ നേതൃത്വത്തിലാണ് 'അനർഘനിമിഷം' സ്‌നേഹസംഗമം സംഘടിപ്പിച്ചത്. ഡ്രൈവറായ തവളക്കുളം സ്വദേശി പോട്ടയിൽ ആനന്ദന് ആണ് സഹപാഠിയ്ക്കൊരു സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി വീടൊരുക്കി നൽകുന്നത്. കൂട്ടായ്മയുടെ സഹകരണത്തോടെ സെക്രട്ടറിയായ ഡോ. സി ബി സൗമ്യകുമാറിൻ്റെ നേതൃത്വത്തിൽ 650 സ്‌ക്വയർ ഫീറ്റിൽ 8,77,500 രൂപയോളം ചിലവാക്കിയാണ് വീട് നിർമ്മിച്ച് നൽകുന്നത്.
'സഹപാഠിയ്ക്കൊരു സ്നേഹക്കൂട്' പദ്ധതിയുടെ തറക്കല്ലിടൽ കർമം പി ആർ താരാനാഥൻ മാസ്റ്റർ നിർവഹിച്ചു. അതിർവരമ്പില്ലാത്ത സ്നേഹത്തിൻ്റെ ഒത്തൊരുമായാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
അറിവ് പകർന്നു നൽകിയ ഗുരുക്കന്മാരെ ചടങ്ങിൽ ആദരിക്കുകയും ഓൺലൈൻ പഠനത്തിനായി അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുകയും ഓണത്തോടനുബന്ധിച്ച് 'ചങ്ക്സ്' കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ പൂക്കളമത്സരത്തിൻ്റെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈൻ നെടിയിരിപ്പിൽ മുഖ്യാതിഥിയായ ചടങ്ങിൽ പ്രിൻസിപ്പൽ ഒ വി സാജു, പ്രധാനധ്യാപിക നാടാഷ, മറ്റ് അധ്യാപകർ തുടങ്ങിയവർ സംസാരിച്ചു. ചങ്ക്‌സ് ഭാരവാഹികളായ ടി ഡി ഷൈൻ, ഡോ. സി ബി സൗമ്യകുമാർ, ടി ആർ ദില്ലിരത്നം, സലിൽ, ഹേമ രാഹുലൻ, ദീപ ഗോപി, ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.