മൂന്നാം മുന്നണി രൂപീകരിക്കാൻ കെജ്രിവാൾ; സഹകരിക്കാതെ മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി ആം ആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന 7 മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു നീക്കം. അവരിൽ ഭൂരിഭാഗവും സഹകരിക്കാൻ തയ്യാറാകാത്തതിനാൽ ഈ നീക്കം പരാജയപ്പെട്ടു. മാർച്ച് 18ന് ഡൽഹിയിലേക്ക് ക്ഷണിച്ച് കെജ്രിവാൾ ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു. സമാന വിഷയങ്ങളിൽ കേന്ദ്രവുമായി ഇടഞ്ഞുനിൽക്കുന്നവരുടെ സഖ്യം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവർക്കാണ് കെജ്രിവാൾ കത്തയച്ചത്. നേരത്തെ കോൺഗ്രസ് ഇതര, ബിജെപി ഇതര സഖ്യത്തിനായി കെ ചന്ദ്രശേഖര റാവു നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ മറ്റ് പാർട്ടികളിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ ചന്ദ്രശേഖർ റാവു തന്‍റെ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. മൂന്നാം മുന്നണി നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മമത ബാനർജിയും അഖിലേഷ് യാദവും അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Posts