അംബേദ്‌കർ ഫിലിം ഫെസ്റ്റിവലിൽ എട്ട് അവാർഡുകൾ നേടി 'കെഞ്ചിര'

മുംബൈയിൽ നടന്ന ഡോ. ബി ആർ അംബേദ്‌കർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ അവാർഡുകൾ വാരിക്കൂട്ടി മലയാള ചലച്ചിത്രം കെഞ്ചിര. മനോജ് കാനയാണ് ചിത്രത്തിൻ്റെ സംവിധായകൻ. എട്ട് പ്രധാന പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

മികച്ച ഫീച്ചർ ഫിലിം, കഥ, തിരക്കഥ, സംവിധാനം (മനോജ് കാന), മികച്ച നടി (വിനുഷ വിനയൻ), മികച്ച നടൻ (ആദിവാസി മൂപ്പൻ കരുണൻ), മികച്ച ഛായാഗ്രഹണം (പ്രതാപ് പി നായർ), സൗണ്ട് ഡിസൈനിങ്ങ് (റോബിൻ, മനോജ് കണ്ണോത്ത്) എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം. അവസാന റൗണ്ടിൽ സച്ചിൻ അശോക് യാദവിന്റെ ‘കൊണ്ടാൻ’, ബാൽ ബർഗലയുടെ ’രാമൈ’ എന്നീ ചിത്രങ്ങളോടാണ് കെഞ്ചിര മാറ്റുരച്ചത്.

ഗോത്രഭാഷയായ 'പണിയ'യിൽ നിർമിച്ച ചിത്രമാണ് കെഞ്ചിര. അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി കെഞ്ചിര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു. ഒമ്പതാം ക്ലാസുകാരി വിനുഷ രവിയാണ് കെഞ്ചിരയായി വേഷമിട്ടത്.

Related Posts