വള്ളത്തോൾ നഗറിൽ കേരഗ്രാമം പദ്ധതിയും ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രവും ആരംഭിച്ചു

തൃശൂർ: കേരഗ്രാമം പദ്ധതിയുടെയും ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ക്ഷേമ ദേവസ്വം പാർലമെന്ററി കാര്യം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കൊടുങ്ങല്ലൂർ-ഷൊർണൂർ സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത് വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ രണ്ട് ടേക്ക് എ ബ്രേക്ക് പദ്ധതികൾ ഏറ്റെടുത്തത്.

പുതിയ കലാമണ്ഡലത്തിന് മുൻപിൽ നിലവിലുള്ള ബസ് സ്റ്റോപ്പിനോട് ചേർന്ന് സ്ത്രീകൾക്ക് വിശ്രമിക്കാൻ ഒരിടവും രണ്ട് ശുചിമുറികളും പുരുഷന്മാർക്ക് ഒരു ശുചിമുറിയും യൂറിനൽ യൂണിറ്റും ഒരുക്കി. കൊച്ചിൻ പാലത്തിന് സമീപം സ്ത്രീകളുടെ വിശ്രമമുറി, വാഷ് റൂം, രണ്ട് ശുചിമുറി, പുരുഷന്മാർക്ക് ഒരു യൂറിനൽ യൂണിറ്റ്, ഒരു ശുചിമുറി, കഫ്റ്റീരിയ എന്നിവ താഴത്തെ നിലയിലും മുകളിലെ നിലയിൽ കഫ്റ്റീരിയക്ക് വേണ്ട സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 143.81 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടത്തിന് 39,00,000 തുകയാണ് വകയിരുത്തിയത്. 32,47,176 രൂപയുടെ സിവിൽ പ്രവർത്തികളും 23,50,00 രൂപയുടെ ഇലക്ട്രിക്കൽ പ്രവർത്തികളുമാണ് ഇതിൽ ഉൾപ്പെടുത്തിയത്.

വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡണ്ട് ഷൈഖ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കൃഷി ഓഫീസർ ടി വി ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം നൗഫൽ, എൽ എസ് ജി ഡി അസിസ്റ്റന്റ് എൻജിനീയർ ഷമീർ, വിവിധ സ്ഥിരം സമിതി അധ്യക്ഷൻമാരായ സുചിത്ര, കെ ആർ ഗിരീഷ്, പി എ യൂസഫ്, ബിന്ദു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി ജെഷി, വള്ളത്തോൾ നഗർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിർമലാ ദേവി, സെക്രട്ടറി എൻ എം ഷെറീഫ്, കേരസമിതി സെക്രട്ടറി പി ടി രാജേന്ദ്രകുമാർ, കൃഷി ഓഫീസർ കെ എ അജി, ഷീബ ജോർജ്, മുതിർന്ന കർഷകൻ സോമസുന്ദരൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts