സഭയിലെ അക്രമം സഭാനടപടിയുടെ ഭാഗമായി കാണാനാകില്ല; സുപ്രീംകോടതി.

കോടതി വിധി അംഗീകരിക്കുന്നു; നിരപരാധിത്വം തെളിയിക്കും; രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

ന്യൂഡൽഹി: നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന കേരള സർക്കാരിൻ്റെ ആവശ്യം സുപ്രീംകോടതി തള്ളി. കയ്യാങ്കളി കേസ് അവസാനിപ്പിക്കാൻ അനുമതി തേടി സർക്കാർ നൽകിയ ഹർജിയിലാണ് വിധി. ഇതോടെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, കെ ടി ജലീൽ എം എൽ എ എന്നിവരടക്കം കൈയ്യാങ്കളി കേസിലെ ആറ് എം എൽ എമാരും വിചാരണ നേരിടേണ്ടി വരും.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. നിയമസഭ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ജനപ്രതിനിധികൾക്ക് എല്ലായിപ്പോഴും പരിരക്ഷ അവകാശപ്പെടാനാകില്ലെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

നിയമസഭയ്ക്കുള്ളിൽ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കാൻ സര്‍ക്കാരിന് സാധിക്കില്ലെന്ന് കേസിൽ വാദം കേൾക്കവെ കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കാൻ എന്ത് പൊതുതാല്‍പ്പര്യമെന്ന ചോദ്യവും കോടതി ഉയര്‍ത്തിയിരുന്നു.

2015ൽ അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു.

നിയമസഭയിൽ നടന്നത് അംഗങ്ങളുടെ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ വാദിച്ചത്. വനിത അംഗങ്ങളെ അപമാനിച്ചതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. സഭക്കുള്ളിലെ നടപടികൾക്ക് കേസെടുക്കാൻ സ്പീക്കറുടെ അനുമതി വേണമെന്നും സ്പീക്കറുടെ അനുമതിയോടെയല്ല കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ കേസ് പിൻവലിക്കാൻ സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ല. പൊതുമുതൽ നശിപ്പിച്ച കേസ് തീര്‍പ്പാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനാണെന്നും നിയമസഭ കയ്യാങ്കളി കേസിൽ സര്‍ക്കാരിന്‍റെ പൊതുതാല്പര്യം എന്താണെന്നും വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു.

നിയമസഭയിൽ നടന്ന കയ്യാങ്കളി നൽകുന്ന സന്ദേശം എന്താണെന്നും ഒരു അംഗം തോക്കുമായി സഭയിൽ വന്നാൽ അപ്പോഴും പരിരക്ഷ അവകാശപ്പെടുമോയെന്നും സുപ്രീംകോടതി. ഏറെ ഗൗരവമുള്ള കേസാണിത്. ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താനാണ് അംഗങ്ങൾ ശ്രമിച്ചത്. വീഡിയോ ദൃശ്യങ്ങൾ ഇതിനായി തെളിവായിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധികൽപ്പിച്ച സാഹചര്യത്തിൽ മന്ത്രി വി ശിവൻകുട്ടി തൽസ്ഥാനം രാജിവയ്‌ക്കണം. മന്ത്രി രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറ‌ഞ്ഞു

സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജനപക്ഷത്ത് നിൽക്കുമ്പോൾ സമരം നടത്തേണ്ടി വരുമെന്നും, കേസുകൾ ഉണ്ടാകുമെന്നും രാജി വെക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts