മദ്യം വാങ്ങാന്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി.

കടകളില്‍ പോകുന്നവര്‍ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി.

കൊച്ചി: സംസ്ഥാനത്തെ മദ്യശാലകള്‍ക്കു മുന്നില്‍ ഇപ്പോഴും വലിയ തിരക്കെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനോട് ചോദിച്ചു. പോലീസ് ബാരിക്കേഡുവച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഔട്ട്‌ലെറ്റുകളിലെ തിരക്ക് നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. കന്നുകാലികളെപ്പോലെയാണ് മദ്യം വാങ്ങാനെത്തുന്നവരെ പരഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ കുപ്പം റോഡിലെ മദ്യശാലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

കടകളില്‍ പോകുന്നവര്‍ വാക്സിൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിർദ്ദേശിച്ചു.

ആര്‍ ടി പി സി ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ ടി പി സി ആര്‍ ചെയ്തവര്‍ക്കോ മാത്രമെ മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണം. വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും. മദ്യശാലകൾക്കു മുന്നിലെ തിരക്ക് നിയന്ത്രിക്കണമെന്നും മദ്യം വാങ്ങാനെത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ രണ്ടു തവണ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

Related Posts