ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയിൽ വന്നാലോ മാത്രം പരിശോധനയ്ക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
സർക്കാർ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റുകൾക്ക് പകരം സത്യവാങ്മൂലം.
തിരുവനന്തപുരം: സർക്കാർജോലിക്കും സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും സർട്ടിഫിക്കറ്റുകൾക്ക് പകരം അപേക്ഷകരുടെ സത്യവാങ്മൂലം സ്വീകരിക്കണമെന്ന് സർക്കാർ. ജനങ്ങൾക്ക് സുഗമമായി സേവനം ലഭിക്കുന്നതിന് ഭരണപരിഷ്കാര കമ്മിഷൻ നൽകിയ ചില ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
പി എസ് സി യും മറ്റ് നിയമന ഏജൻസികളും അപേക്ഷ സമയത്തുതന്നെ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും നിർത്തലാക്കും. ജോലികിട്ടിയശേഷമോ, ചുരുക്കപ്പട്ടികയിൽ വന്നാലോ മാത്രം പരിശോധനയ്ക്ക് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പൊതുഭരണവകുപ്പ് പുതിയ സംവിധാനം നടപ്പാക്കും.
വകുപ്പുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളുടെ പട്ടിക തയ്യാറാക്കും. അനാവശ്യ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടേണ്ടതില്ല. ഒഴിവാക്കാനാവാത്തത് വകുപ്പുകളുമായി ചർച്ചചെയ്ത് തീരുമാനിക്കും.
അപേക്ഷകരുടെ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നൽകാവുന്ന ആനൂകൂല്യങ്ങൾ തീരുമാനിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. എല്ലാ സ്ഥിരം സർട്ടിഫിക്കറ്റുകളും ഡിജിലോക്കർ സംവിധാനത്തിൽ നൽകും. ഇതിനെ പി എസ് സിയുമായും നിയമന ഏജൻസികളുമായും ബന്ധിപ്പിക്കും.