'അങ്കണവാടിയിൽ എല്ലാ ദിവസവും പാലും മുട്ടയും നല്‍കാനാവണം'
തിരുവനന്തപുരം: അങ്കണവാടികളിലെ കുട്ടികൾക്ക് ദിവസവും പാലും മുട്ടയും നൽകാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകാനാണ് സർക്കാർ തീരുമാനം. എല്ലാ ദിവസവും അത് ലഭ്യമാക്കാൻ ഇടപെടൽ നടത്തണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹായിക്കാൻ തയ്യാറുള്ളവരെയും സമീപിക്കണം. മിൽമ ലാഭം വാങ്ങാതെ, എന്നാൽ നഷ്ടം വരുത്താതെ പാൽ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന 'പോഷകാഹാരം' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ശിശുസൗഹൃദ സംസ്ഥാനം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പോഷകാഹാര ലഭ്യതയുടെ ദേശീയ ശരാശരി 6.4 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 32.6 ശതമാനമാണ്. ഇത് കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളിലെ വിളർച്ച പരിഹരിക്കാൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആന്‍റണി രാജു മുഖ്യപ്രഭാഷണം നടത്തി.