കർക്കിടകക്കാറിന് വിട; മലയാളികളുടെ പൊന്നിൻ ചിങ്ങമാസം വന്നെത്തി.
കാര്‍മേഘം മൂടിയ കർക്കടകം മാറി സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ചിങ്ങപ്പുലരി വന്നെത്തി. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം. ആശങ്കകള്‍ ഏറെ ഉണ്ടെങ്കിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.
ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്ന മാസം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം.
കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.
മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയെങ്കിലും അതിജീവനത്തിന്റെ വെളിച്ചം തേടുകയാണ് ചിങ്ങപ്പുലരിയില്‍ മലയാളികള്‍. മനോഹരമായ പുലരിവിരിയുമെന്ന് പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും ചിങ്ങപ്പുലരിയിൽ നല്ലൊരു വർഷം ആശംസിക്കുന്നു.