ഇന്ന് പെൺകുട്ടികളുടെ ദിനം, മകൾക്കൊപ്പമുള്ള പഴയചിത്രം പങ്കുവെച്ച് പിണറായി
പെൺകുട്ടികളുടെ ദിനത്തിൽ മകൾ വീണയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൈകളിൽ മകളണിഞ്ഞ മൈലാഞ്ചി കൗതുകത്തോടെ നോക്കുന്ന ചിത്രമാണ് മുഖ്യമന്ത്രി ഷെയർ ചെയ്തത്.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 2012 മുതലാണ് ഒക്ടോബർ 11 പെൺകുട്ടികളുടെ ദിനമായി ആചരിച്ചു തുടങ്ങിയത്. ലിംഗനീതിയും തുല്യതയും ഉറപ്പാക്കുകയാണ് ദിനാചരണത്തിൻ്റെ ലക്ഷ്യം. വിദ്യാഭ്യാസം, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, ആരോഗ്യരക്ഷ, വിവേചനത്തിൽ നിന്നുള്ള സുരക്ഷ, നിർബന്ധിത ശൈശവ വിവാഹം എന്നിവയ്‌ക്കെതിരായ ബോധവത്കരണവും ലക്ഷ്യമിടുന്നു.