പാർട്ടി യോഗ തർക്കത്തിനിടെ കുഴഞ്ഞു വീണ കേരള കോൺഗ്രസ് എം നേതാവ് അന്തരിച്ചു
കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡണ്ടുമായ ജോയി കല്ലുപുര (78) നിര്യാതനായി. പാർട്ടി മണ്ഡലം കമ്മിറ്റിയിലുണ്ടായ വാക്കുതർക്കത്തിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 8.30ന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഈ മാസം ഏഴിനാണ് കടപ്ലാമറ്റത്തെ കേരള കോൺഗ്രസ് (എം) ഓഫീസിൽ ജോയി കുഴഞ്ഞുവീണത്. തുടർന്ന് ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് (എം) നേതാക്കൾ ജോയിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ജോയിയുടെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കുഴഞ്ഞുവീഴുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.