കൊവിഡ് മരണം; 50,000 രൂപ നഷ്ടപരിഹാരത്തിന് ഉത്തരവായി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഉറ്റവർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവായി. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നവയുടെ പട്ടികയിൽ കൊവിഡ് മരണവും ഉൾപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി 50,000 രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടത്. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും തീയതിയും സർക്കാർ ഉടൻ പുറപ്പെടുവിക്കും.
ഈ മാസം മൂന്നിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും സംയുക്തമായി പുറത്തിറക്കിയ മാനദണ്ഡങ്ങളും 11ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളും അനുസരിച്ചാവും നഷ്ടപരിഹാരത്തിന് അർഹത നിശ്ചയിക്കുന്നത്.
കൊവിഡ് ബാധിച്ച ശേഷം 30 ദിവസത്തിനകം മരിച്ചവരുടെയും രോഗിയായിരിക്കേ ആത്മഹത്യ ചെയ്തവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച വരെ കേരളത്തിൽ 24,661 പേർ കൊവിഡ് ബാധിച്ച് മരിച്ചു എന്നാണ് സർക്കാർ പുറത്തുവിട്ട കണക്ക്. എന്നാൽ, ജൂണിനു മുമ്പ് വിട്ടുപോയ ഏകദേശം ഏഴായിരം മരണങ്ങൾ കൂട്ടിച്ചേർക്കാനുണ്ട്. മരണക്കണക്ക് പുതുക്കുമ്പോൾ 15,000 എങ്കിലും അധികമായി ഉണ്ടാകുമെന്ന് കരുതുന്നു. നിലവിലെ കണക്കിൽ 130 കോടിയിലേറെ രൂപ നഷ്ടപരിഹാരത്തിന് വേണ്ടി വരും.
ഇന്ത്യയിൽ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത തീയതി മുതലുള്ള മരണങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കും. കൊവിഡിനെ ദുരന്ത പട്ടികയിൽ നിന്ന് നീക്കുന്നതു വരെ നഷ്ടപരിഹാര ഉത്തരവ് നിലനിൽക്കും.