കേരളത്തിൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചു.

തിരുവനന്തപുരം : കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് ചേ‍ർന്ന കൊവിഡ് അവലോകനയോ​ഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.

മുഖ്യമന്ത്രിയുടെ വാക്കുകളും അദ്ദേഹം നൽകിയ നിർദ്ദേശങ്ങളുടെയും ചുരുക്കം .

ഇന്നത്തെ അവലോകന യോ​ഗം രാത്രി കർഫ്യൂവും ഞായറാഴ്ചയിലെ ലോക്ക്ഡൗണും പിൻവലിക്കാൻ തീരുമാനിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള പരിശീലക സ്ഥാപനങ്ങൾ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാർത്ഥികളേയും വച്ച് തുറക്കാം. ബയോബബിൾ മാതൃകയിൽ വേണം തുറന്നു പ്രവർത്തിക്കാൻ.

അതോടൊപ്പം ഒക്ടോബർ നാല് മുതൽ ടെക്നിക്കൽ/പോളി ടെക്നിക്ക്/മെഡിക്കൽ വിദ്യാഭ്യാസം അടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും അനധ്യാപകരേയും ഉൾപ്പെടുത്തി എല്ലാ ഉന്നതവിദ്യാഭ്യാസം സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകും.

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കൊവിഡ് കേസുകളിൽ കാര്യമായ വർധനയില്ല. ഓ​ഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ 18.41 ആയിരുന്നു ടിപിആർ. 31 മുതൽ സെപ്തംബർ ആറ് വരെയുള്ള ആഴ്ചയിൽ 17.96 ആയി കുറഞ്ഞു. ജാ​ഗ്രത തുടർന്നാൽ ഇനിയും കേസുകൾ കുറയ്ക്കാൻ സാധിക്കും. അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് നിലനിൽക്കുന്നതിനാൽ എല്ലാവരും തുടർന്നും ജാ​ഗ്രത പാലിക്കണം.

Related Posts