വ്ളോഗർമാർക്ക് ജാമ്യം; 3,500 രൂപ വീതം കെട്ടിവെക്കണം.

കണ്ണൂര്‍: ഇ ബുൾ ജെറ്റ് യൂട്യൂബർമാരായ എബിൻ, ലിബിൻ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കണം. ആർടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു.

പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്ക് ജാമ്യം നൽകിയാൽ അത് നല്ല സന്ദേശമാകില്ലെന്ന്  പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആർടിഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.

ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പടെ ആറ് വകുപ്പുകൾ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരിൽ പോലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്യൂബർമാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1A) പ്രകാരം യൂട്യൂബര്‍മാരുടെ നെപ്പോളിയൻ എന്ന വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് നടപടി.

Related Posts