ഏകജാലക പ്രവേശനം; 'ഒരുക്ക'വുമായി ജില്ല.

ഉപരിപഠന യോഗ്യത നേടിയത് 35,450 പേര്‍ ഏകജാലക പ്രവേശനം ഓഗസ്റ്റ് 16 മുതല്‍ ആരംഭിക്കാനിരിക്കെ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ്. എല്ലാ സ്‌കൂളുകളിലും ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു. 'ഒരുക്കം' എന്നപേരില്‍ വിപുലമായ സംവിധാനമാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവേശനപ്രക്രിയയുടെ വിജ്ഞാപനം പുറത്തു വരുന്ന ദിവസം പരിപാടിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു നിര്‍വഹിക്കും.
ഉപരിപഠനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുള്ള മതിയായ സീറ്റുകള്‍ ജില്ലയിലുണ്ട്. ജില്ലയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് 35,450 കുട്ടികളാണ്. ഹയര്‍ സെക്കന്ററി വര്‍ധിപ്പിച്ച സീറ്റുകള്‍ അടക്കം 36,617 ഉം വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ 3960 സീറ്റുകളും ഉണ്ട്. കൂടാതെ പോളി ടെക്‌നിക്, ഐ ടി ഐ, ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി, കലാമണ്ഡലം ഹയര്‍സെക്കന്ററി, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പത്താം തരം പാസായവര്‍ക്ക് പ്രവേശിക്കാം.
ഒരുക്കം പദ്ധതിയുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകരില്‍ രണ്ടു പേരടങ്ങുന്ന ടീം എല്ലാ വിദ്യാലയങ്ങളിലുമുണ്ട്. ഇവരുടെ നേതൃത്വത്തിലും സഹായത്തിലുമായി മറ്റുള്ളവരും ഒത്തുചേരും. ടീം അംഗങ്ങള്‍ക്കുള്ള ആദ്യ പരിശീലനം ഓഗസ്റ്റ് 13ന് നടക്കും. തുടര്‍ന്ന് കുട്ടികള്‍ രക്ഷിതാക്കള്‍ എന്നിവരുമായി ടീം അംഗങ്ങള്‍ സംസാരിക്കും.
ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്കകളുണ്ട്. സ്വകാര്യ ഇന്റര്‍നെറ്റ് കഫെകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവരില്‍ പലര്‍ക്കും ഏകജാലക പ്രവേശനം സംബന്ധിച്ച വ്യവസ്ഥകളില്‍ പലതും തെറ്റായി രേഖപ്പെടുത്തുന്ന സാഹചര്യമുണ്ട്. പലപ്പോഴും സ്വകാര്യ കഫേകള്‍ തെറ്റായി നല്‍കുന്ന വിവരങ്ങളുടെ ഭാഗമായി വരുന്ന പ്രശ്‌നങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതരാണ് ഉത്തരം നല്‍കേണ്ടി വരുന്നത്. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചത്.
ജില്ലയില്‍ ആകെയുള്ള 203 സ്‌കൂളുകളില്‍ 163 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലാണ് ഏകജാലക രീതിയില്‍ പ്രവേശനം നടക്കുന്നത്. ഈ 163 സ്‌കൂളുകളിലും മുഴുവന്‍ കുട്ടികള്‍ക്കും അപേക്ഷ നല്‍കാന്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി അധ്യാപകരുടെ ഒരു ഗ്രൂപ്പ് സ്‌കൂളുകളിലുണ്ട്. 20 കുട്ടികള്‍ അടങ്ങുന്ന രണ്ട് ബാച്ചായി 163 സ്‌കൂളുകളിലും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിന് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ സ്‌കൂളില്‍ വരുന്നതിന് ഹൈസ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നൂറുപേരടങ്ങുന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കും. കുട്ടികള്‍ കൂടുതലുള്ളിടത്ത് എണ്ണമനുസരിച്ച് വാട്ട്‌സ്ആപ്പ് കൂട്ടായ്മകളുണ്ടാക്കും.
ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ കോഴ്സുകള്‍ ഇല്ലാത്ത ഹൈസ്‌കൂളുകളിലും വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ രൂപീകരിച്ച് അവിടെയുള്ള കുട്ടികളെ അടുത്തുള്ള ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീമിന് വീതിച്ച് നല്‍കും. ഇതിനായി സ്‌കൂളിലെ ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സമ്പ്രദായം പരിപൂര്‍ണമായി പ്രയോജനപ്പെടുത്തും. ചുരുക്കത്തില്‍ എല്ലാ സ്‌കൂളിലും ഏകജാലക പ്രവേശനത്തിനായി ഇന്റര്‍നെറ്റ് കഫേകള്‍ ഒരുങ്ങും. ഏകജാലക പ്രവേശന വിജ്ഞാപനം വരുന്നതിന് മുമ്പ് രക്ഷിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവരെ അറിയിക്കും. രക്ഷിതാക്കള്‍ കുട്ടിയുടെ താല്‍പര്യമറിഞ്ഞുവെയ്ക്കണം. പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂള്‍, കോഴ്‌സ് എന്നിവ വിശദമായി ആലോചിച്ചു തിരഞ്ഞടുക്കണം. രക്ഷിതാക്കള്‍ക്ക് ഏറ്റവും അടുത്തുള്ള സ്‌കൂള്‍ ഏകജാലക ഹെല്‍പ്പ് ഡസ്‌ക് ഗ്രൂപ്പുമായും ബന്ധപ്പെടാം.
അപേക്ഷാര്‍ത്ഥികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ നെറ്റ് കോപ്പി, ക്ലബ് സര്‍ട്ടിഫിക്കറ്റുകള്‍, ബോണസ് പോയന്റുകള്‍ ലഭിക്കുന്ന എന്‍ സി സി, എസ് പി സി സ്‌കൗട്ട് ആന്റ് ഗൈഡ് സര്‍ട്ടിഫിക്കറ്റുകള്‍ രാജ്യപുരസ്‌ക്കാര്‍, ലിറ്റില്‍ കൈറ്റ്‌സ് എന്നിവ നേടിയവര്‍ അവ സ്‌കൂളില്‍ നിന്നും വാങ്ങിവെയ്ക്കണം. വിവിധ ആനുകൂല്യം ലഭിക്കുന്നവര്‍, സ്‌പോര്‍ട്‌സ് ആനുകൂല്യമുള്ളവര്‍, കമ്മ്യൂണിറ്റി ആനുകൂല്യം ലഭിക്കുന്നവര്‍ അതത് ആനുകൂല്യം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവെയ്ക്കണം. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡുള്ളവരും ഇല്ലാത്തവരും അപേക്ഷ ഫോമിലുള്ള പ്രത്യേക ഫോമുകള്‍ വില്ലേജാഫീസറില്‍ നിന്നും വാങ്ങി ഹാജരാക്കണം. കമ്മ്യൂണിറ്റിയുടെ ആനുകൂല്യം ലഭിക്കാന്‍ എസ് എസ് എല്‍ സി കാര്‍ഡിലെ വിവരങ്ങള്‍ മതിയാകും. എന്നാല്‍ സി ബി എസ് സി, ഐസിഎസ് സി മറ്റു ബോര്‍ഡുകളില്‍ നിന്ന് യോഗ്യത നേടിയവര്‍ ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവെയ്ക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റില്‍ ഇതൊന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ പ്രവേശനം റദ്ദാക്കും. അപേക്ഷയില്‍ രേഖപ്പെടുത്തുന്ന ഫോണ്‍ നമ്പറിലാണ് പ്രവേശന പ്രക്രിയയുടെ തുടര്‍ന്നുള്ള വിവരങ്ങള്‍ ലഭ്യമാവുക എന്നത് കൊണ്ട് സ്ഥിരമായ മൊബൈല്‍ നമ്പര്‍ സൂക്ഷിക്കണം.
കുട്ടികളുടെ താല്‍പര്യവും യോഗ്യതയും അനുസരിച്ച് കോഴ്സുകളും സ്‌കൂളും തിരഞ്ഞെടുക്കാന്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഒരുക്കം' എന്ന പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ജില്ലാ ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ വി എം കരിം എന്നിവര്‍ അറിയിച്ചു.