പോസ്റ്റ്മാൻ സൈക്കിളിലെത്തി സമൻസ് കൈമാറുന്ന 'ഔട്ട്ഡേറ്റഡ് ' രീതി അവസാനിക്കുന്നു
സമൻസ് ഇലക്ട്രോണിക് മാർഗത്തിലാക്കാൻ നിയമ ഭേദഗതിക്കൊരുങ്ങി സർക്കാർ. പോസ്റ്റ്മാൻ സൈക്കിളിലെത്തി സമൻസ് കൈമാറുന്ന
'ഔട്ട്ഡേറ്റഡ് ' രീതി അധികം താമസിയാതെ അവസാനിച്ചേക്കും. ഡിജിറ്റൽ കാലത്തും പഴഞ്ചൻ രീതികൾ തുടരുന്നത് തടയിടാനുള്ള വഴി തേടുകയാണ് ഭരണ സംവിധാനങ്ങൾ.
ഇലക്ടോണിക് മാധ്യമങ്ങൾ വഴി സമൻസ് നൽകും വിധം ക്രിമിനൽ നടപടി ചട്ടം പരിഷ്കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. 1969-ലെ ക്രിമിനൽ നടപടി ചട്ടത്തിലെ 69, 91 വകുപ്പുകളാണ് ഇതിനായി ഭേദഗതി ചെയ്യുക. ഇതു സംബന്ധിച്ച നിയമോപദേശം ഹൈക്കോടതി രജിസ്ട്രാർ സർക്കാരിന് നൽകിയിട്ടുണ്ട്. സ്റ്റേറ്റ് കോർട്ട് മാനേജ്മെൻ്റ് സിസ്റ്റം സമിതിയുടെ തീരുമാന പ്രകാരമാണ് രജിസ്ട്രാറുടെ ശുപാർശ ഉണ്ടായിരിക്കുന്നത്.
നിലവിൽ തപാൽ വഴി സമൻസ് അയയ്ക്കുന്നതിന് മാത്രമേ നിയമ പ്രാബല്യം ഉള്ളൂ. ഇ-മെയ്ലായും വാട്സാപ്പ് പോലുള്ള ഇൻസ്റ്റൻ്റ് മെസേജിങ് പ്ലാറ്റ്ഫോമുകൾ വഴിയും സമൻസ് അയയ്ക്കണമെങ്കിൽ അതിനനുസൃതമായി ചട്ടങ്ങൾ ഭേദഗതി ചെയ്യണം.
നിയമ ഭേദഗതി നടപ്പിലായാൽ തപാൽ വഴി സമൻസ് എത്തിക്കുന്നതു മൂലമുള്ള സമയനഷ്ടം, തെറ്റായ മേൽവിലാസം നൽകുന്നതു മൂലമുള്ള പ്രശ്നങ്ങൾ, സ്വീകർത്താവിന് സന്ദേശം ലഭിച്ചോ ഇല്ലയോ എന്ന കാര്യത്തിലുള്ള അവ്യക്തത എന്നിവ ഒഴിവാകും.