'സംരംഭക വർഷം പദ്ധതി' നാല് ശതമാനം പലിശയ്ക്ക് ബാങ്ക് വായ്പ; ഈട് ഒഴിവാക്കും

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതുൾപ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാൻ തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകൾ പിന്തുണ പ്രഖ്യാപിച്ചു.സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകൾക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകും. വായ്പാ പദ്ധതി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചാണ് പരിശീലനം. ജില്ലാ കളക്ടർമാർ ജില്ലാ തലത്തിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും. വായ്പാ അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കി വായ്പ അനുവദിക്കും. ഓരോ ബാങ്കുകളും തങ്ങളുടെ സ്കീം വിശദീകരിച്ച് പ്രചരണം നടത്താനും തീരുമാനിച്ചു.വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീമിന് രൂപം നൽകും. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാഗമാക്കും. സഹകരണ മേഖലയിലെ ബാങ്കുകൾക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികൾ പ്രത്യേകമായി പരിശോധിക്കും. സംരംഭകരുടെ രജിസ്ട്രേഷനു വേണ്ടി തയ്യാറാക്കിയ പോർട്ടൽ ബാങ്കുകൾക്കും ലഭ്യമാക്കും. നാല് ശതമാനം പലിശക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഇതിനകം പത്തൊമ്പതിനായിരം സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. പ്രത്യേക സ്കീമുകൾക്ക് ഏതാനും ബാങ്കുകൾ ഇതിനകം രൂപം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Related Posts