മികച്ച ചിത്രം 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നടൻ ജയസൂര്യ, നടി അന്നബെൻ ; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ആണ് മികച്ച ചിത്രം. 'എന്നിവർ' എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ് ശിവ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 'വെള്ളം' എന്നീ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യ നേടി.
'കപ്പേള'യിലൂടെ അന്ന ബെൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവ. സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' ആണ് കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം. 'സീ യു സൂൺ' എന്ന ചിത്രത്തിലൂടെ മഹേഷ് നാരായണൻ മികച്ച എഡിറ്ററായി. 'വെയിൽ' എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവ നടിയായും സുധീഷ് മികച്ച സ്വഭാവ നടനായും തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച സംഗീത സംവിധായകൻ. എം ജയചന്ദ്രനാണ്, ചിത്രം സൂഫിയും സുജാതയും. മികച്ച ഗായകൻ ഷഹബാസ് അമനും മികച്ച ഗായിക നിത്യ മാമനുമാണ്. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നിശ്ചയം.
80 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. രണ്ട് പ്രാഥമിക ജൂറികൾ കണ്ട് രണ്ടാം റൗണ്ടിലേക്ക് നിർദേശിച്ചത് 30 ചിത്രങ്ങളാണ്. ദേശീയ അവാർഡ് മാതൃകയിൽ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള അവാർഡ് നിർണയമാണ് ഇത്തവണ നടന്നത്. പ്രശസ്ത അഭിനേത്രി സുഹാസിനി മണിരത്നം ആയിരുന്നു ജൂറി അധ്യക്ഷ. സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി ശേഷാദ്രി, ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങളായിരുന്നു. രചനാ വിഭാഗം അവാർഡുകൾ നിശ്ചയിച്ചത് ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിലുള്ള പ്രത്യേക സമിതിയാണ്.
നവാഗത സംവിധായകനുള്ള അവാർഡ് കപ്പേളയിലൂടെ മുഹമ്മദ് മുസ്തഫ കരസ്ഥമാക്കി. ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ എന്ന ഗ്രന്ഥം എഴുതിയ പികെ സുരേന്ദ്രൻ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടി. അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ എന്ന ലേഖനത്തിന് ജോൺ സാമുവൽ മികച്ച ലേഖനത്തിനുള്ള അവാർഡ് നേടി.
മികച്ച വിഷ്വൽ എഫക്ട്സിനുള്ള അവാർഡ് ലൗ നേടി. മികച്ച പുരുഷ ഡബ്ബിങ് ആർട്ടിസ്റ്റായി ഷോബി തിലകനും സ്ത്രീ വിഭാഗത്തിൽ റിയ സൈറയും (അയ്യപ്പനും കോശിയും) അവാർഡ് നേടി. ആർട്ടിക്കിൾ 21 ലൂടെ റഷീദ് അഹമ്മദ് മികച്ച മേക്കപ്പ്മാനായി. സീ യൂ സൂണിലൂടെ മഹേഷ് നാരായണൻ മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടി.
മികച്ച ഗായകൻ - ഷഹബാസ് അമൻ
മികച്ച ഗായിക- നിത്യ മാമൻ (സൂഫിയും സുജാതയും)
സംഗീത സംവിധാനം - എം. ജയചന്ദ്രൻ (സൂഫിയും സുജാതയും)
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ബാലതാരം ആൺ - നിരഞ്ജൻ എസ് (കാസിമിന്റെ കടൽ)
മികച്ച സ്വഭാവ നടൻ - സുധീഷ്
മികച്ച സ്വഭാവ നടി - ശ്രീ രേഖ (വെയിൽ)
പ്രത്യേക ജൂറി
സിജി പ്രദീപ്- ഭാരതപുഴ
നാഞ്ചിയമ്മ - ഗായിക - അയ്യപ്പനും കോശിയും
നളിനി ജമീല - വസ്ത്രാലങ്കാരം- ഭാരതപുഴ
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു. മികച്ച നടിയുടെ അവാർഡിൽ ശക്തമായ പോരാട്ടം ഉണ്ടായിരുന്നതായും മികച്ച തിരക്കഥകളിൽ നല്ല എൻട്രികൾ ഉണ്ടായില്ലെന്നും സുഹാസിനി പറഞ്ഞു