ഉത്തരവ് പുറത്തിറങ്ങി; സർക്കാർ ഓഫീസുകൾ ഇനിമുതൽ ശനിയാഴ്‌ചയും.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ ശനിയാഴ്‌ച പ്രവൃത്തി ദിവസമാക്കികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
ഓഗസ്‌റ്റ് നാലിന് പുറത്തിറക്കിയ മുൻ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കമ്മീഷനുകൾ എന്നിവ തിങ്കൾ മുതൽ വെളളിവരെ മുഴുവൻ ജീവനക്കാരുമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിരുന്നു. ഇവ ഇനിമുതൽ ശനിയാഴ്‌ചയും പ്രവർത്തിക്കും.
കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് ആരംഭിക്കാനും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും സർക്കാർ തീരുമാനിച്ചേക്കുമെന്നാണ് വിവരം.
കൊവിഡ് അവലോകന യോഗത്തിന് ശേഷമാകും തീരുമാനം. ബയോമെട്രിക് പഞ്ചിംഗിന് പകരം കാർഡ് പഞ്ചിംഗാണ് സെക്രട്ടറിയേറ്റിൽ നടക്കുക.
ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നതിന്റെ രണ്ടാംഘട്ടമായി മ്യൂസിയങ്ങൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിച്ച് തുടങ്ങി.