അയ്യങ്കാളി; ഐതിഹാസിക പ്രക്ഷോഭങ്ങളുടെ നായകൻ.

കേരളത്തിൽ നിലനിന്നിരുന്ന ജാതിഭ്രാന്തിനും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 159ാം ജന്മദിനമാണ് ഇന്ന്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്കുകൊണ്ടുവരാൻ നിലകൊണ്ട നവോത്ഥാന നായകനായിരുന്നു അദ്ദേഹം. വിലക്കുകളുടെ വേലിക്കെട്ടുകൾ അദ്ദേഹം പൊട്ടിച്ചെറിഞ്ഞു. അടിയാളത്വം വിധിയല്ലെന്നും നെഞ്ചുനിവർത്തി നിന്ന് ചോദ്യം ചെയ്യേണ്ട അനീതിയാണെന്നും പിന്നോക്കജനതയെ ബോദ്ധ്യപ്പെടുത്തി. ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രം സഞ്ചരിക്കാൻ അവകാശമുണ്ടായിരുന്ന വഴിയിലൂടെ വില്ലുവണ്ടി തെളിച്ചുകൊണ്ടാണ് ജാതിഭ്രാന്തിനെതിരെ മഹാത്മാ അയ്യങ്കാളി രംഗത്തെത്തിയത്. മനുഷ്യാവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ പരിഷ്കർത്താവ് എന്ന നിലയിൽ കേരളചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരാണ് അയ്യങ്കാളിയുടേത്.

അക്കാലത്ത് നാട്ടുരാജാക്കന്മാരുടെ കുത്തകയായിരുന്ന വില്ലുവണ്ടിയിൽ നാട്ടുപ്രമാണിയെപ്പോലെ മിന്നുന്ന തലപ്പാവ് വച്ച്, അരയിൽ കഠാര തിരുകി രാജകീയമായിട്ടായിരുന്നു ആ യാത്ര. പിന്നാക്ക വിഭാഗക്കാരായ സ്ത്രീകൾ മാറുമറച്ചത് ചോദ്യം ചെയ്യപ്പെട്ടപ്പോഴും അവർണർക്കായി പണിത പള്ളിക്കൂടം സവർണർ തകർക്കാൻ എത്തിയപ്പോഴും പടനായകനായാണ് അയ്യങ്കാളി പ്രതിരോധിച്ചത്. ഇങ്ങനെ നിഷേധിക്കപ്പെട്ടിരുന്ന സ്വഞ്ചാര സ്വാതന്ത്ര്യം രാജകീയമായി യാത്ര ചെയ്തും. അന്യമായിരുന്ന അക്ഷരം പള്ളിക്കൂടങ്ങൾ പണിഞ്ഞും പണിമുടക്കിയും അയ്യങ്കാളി നേടിയെടുക്കുകയായിരുന്നു.

1863 ഓഗസ്റ്റ് 28, ചിങ്ങമാസത്തിലെ അവിട്ടം ദിനത്തിൽ തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി ജനിച്ചു. 1941 ജൂൺ 18ന് ലോകത്തോട് വിടപറയും വരെ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിനായി അദ്ദേഹം കർമ്മനിരതനായിരുന്നു.

നിഷേധിക്കപ്പെട്ടിരുന്ന അവകാശങ്ങൾ പിടിച്ചുവാങ്ങിയാണ് അദ്ദേഹം വീരപുരുഷനായി ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത്. വീണ്ടുമൊരു ഓഗസ്റ്റ് 28 കടന്നുവരുമ്പോൾ അയ്യങ്കാളി ജയന്തി ആഘോഷത്തിന്‍റെ നിറവിലാണ് കേരളം.

Related Posts