രാജ്യത്ത് മെഡിക്കല്‍ കോളേജുകളിലേക്ക് മൃതദേഹം വിട്ടുനൽകിയതിൽ കേരളം മുന്നിൽ
ന്യൂഡല്‍ഹി: മൃതദേഹം മെഡിക്കൽ കോളേജുകൾക്ക് കൈമാറുന്ന കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃക. 'ദാദിച്ചി ദേഹാദാന്‍ സമിതി' ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യമുള്ളത്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 200 സന്നദ്ധസംഘടനാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മരണ ശേഷം ഏറ്റവും കൂടുതൽ പേർ മൃതദേഹം ദാനം ചെയ്തത് കേരളത്തിലാണ്. കഴിഞ്ഞ 40 വർഷത്തിനിടെ 200ലധികം പേർ മെഡിക്കൽ കോളേജുകൾക്ക് മൃതദേഹം വിട്ട് നല്‍കി. ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ എന്‍.ജി.ഒ.യായ എ.ടി. കോവൂര്‍ ട്രസ്റ്റിലൂടെ മാത്രം കൈമാറിയത് 125 മൃതദേഹങ്ങളാണ്. 350 ജോഡി കണ്ണുകളും ദാനം ചെയ്തു. 1980 സെപ്റ്റംബർ 28 നാണ് കേരളത്തിലെ ആദ്യ ശരീരദാനം നടന്നത്. കോഴിക്കോട് ഇരിങ്ങൽ സ്വദേശിയും മാഹി ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനുമായ ഇരിങ്ങൽ കൃഷ്ണനാണ് തന്‍റെ അമ്മ കെ.കല്യാണിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിന് വിട്ടുനല്‍കിയത്. ഇത് തുടർന്നുള്ള ശരീര, അവയവ ദാനങ്ങൾക്ക് പ്രചോദനമായെന്ന് എ.ടി.കോവൂർ ട്രസ്റ്റ് സെക്രട്ടറി ധനുവച്ചപുരം സുകുമാരൻ പറഞ്ഞു. അവയവ ദാനത്തിലും ശരീര ദാനത്തിലും ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാൾ പിന്നിലാണെന്ന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷൻ (എന്‍.ഒ.ടി.ടി.ഒ) പറയുന്നു.