സദ്ഭരണ സൂചികയില്‍ മികച്ച സംസ്ഥാനങ്ങളില്‍ കേരളവും

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഗുണഫലമാണ് ഈ നേട്ടത്തില്‍ പ്രതിഫലിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സദ്ഭരണ സൂചികയില്‍ മികച്ച സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാം സ്ഥാനം നേടി. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജിജിഐ (ഗുഡ് ഗവേണന്‍സ് ഇന്‍ഡക്സ് ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിലാണ് കേരളം അഞ്ചാം സ്ഥാനം നേടിയത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയില്‍ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷന്‍ സ്‌കോര്‍ 44.82 ല്‍ നിന്ന് 85.00 ആയും, വ്യവസായ മേഖലയുടെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 2019-ല്‍ 1.00 ആയിരുന്നത് 2021-ല്‍ 7.91 ആയും ഉയര്‍ത്തി.

മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴില്‍ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോര്‍ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി.

ഭരണ നിര്‍വഹണം മെച്ചപ്പെടുത്താനും സുതാര്യവും ജനകീയവും ആക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഗുണഫലമാണ് ഈ നേട്ടത്തില്‍ പ്രതിഫലിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

Related Posts