സംസ്ഥാന കലാ പുരസ്കാര സമർപ്പണവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 31ന്
വികസന നിറവിൽ കേരള കലാമണ്ഡലം
കേരള കലാമണ്ഡലത്തിൽ സംസ്ഥാന കലാപുരസ്കാര സമർപ്പണം, കലാമണ്ഡലത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയം, ബയോഗ്യാസ് പ്ലാന്റ്, നൃത്തക്കളരി ശിലാസ്ഥാപനം തുടങ്ങി വിവിധ പരിപാടികളുടെ ഉദ്ഘാടനം ഓഗസ്റ്റ് 31ന്. സ്റ്റാഫ് ക്വാർട്ടേഴ്സ് സമുച്ചയ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ബയോഗ്യാസ് പ്ലാന്റ് ഉദ്ഘാടനം, നൃത്തക്കളരി ശിലാസ്ഥാപനം എന്നിവ പട്ടികജാതി-പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവഹിക്കും. കലയെയും കലാകാരന്മാരെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വള്ളത്തോൾ ആരംഭിച്ച കേരള കലാമണ്ഡലം ഇന്നും അതേ പ്രൗഡിയോടെയാണ് നിലനിൽക്കുന്നത്.
വർഷംതോറും കലാകാരന്മാർക്ക് നിരവധി കലാ പുരസ്കാരങ്ങൾ സംസ്ഥാന സർക്കാർ കലാമണ്ഡലം മുഖേന നൽകുന്നുണ്ട്. സംസ്ഥാന കഥകളി പുരസ്കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്കാരം, കേരളീയ നൃത്ത-നാട്യ പുരസ്കാരം എന്നീ കലാ പുരസ്കാരങ്ങളാണ് ഇത്തവണ നൽകുന്നത്. 2019, 2020 വർഷങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചവർക്കാണ് ഓഗസ്റ്റ് 31ന് രാവിലെ 11 മണിക്ക് പുരസ്കാരം നൽകുക. സംസ്ഥാന കഥകളി പുരസ്കാരത്തിന് കഥകളി ആചാര്യൻമാരായ വാഴേങ്കട വിജയൻ 2019ലും സദനം ബാലകൃഷ്ണൻ 2020ലും അർഹരായി. പല്ലാവൂർ അപ്പുമാരാർ പുരസ്കാരം മച്ചാട് രാമകൃഷ്ണൻ നായർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർക്കും നൃത്ത-നാട്യ പുരസ്കാരം 2019ൽ ദമ്പതികളായ വി പി ധനഞ്ജയൻ, ശാന്ത ധനഞ്ജയൻ 2020ൽ കലാമണ്ഡലം വിമലാമേനോൻ എന്നിവർക്കുമാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.
ആറ് കുടുംബങ്ങൾക്ക് താമസിക്കാവുന്ന തരത്തിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സുകൾ അടങ്ങുന്ന കെട്ടിട സമുച്ചയമാണ് കലാമണ്ഡലം ജീവനക്കാർക്കായി നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. പിഡബ്ല്യുഡിയാണ് രണ്ടു കോടി നിർമാണ ചെലവിൽ കെട്ടിട സമുച്ചയം പണിതത്. മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 9,70,000 രൂപ ചെലവിൽ ബയോഗ്യാസ് പ്ലാന്റ് നിർമാണവും കലാമണ്ഡലത്തിൽ പുരോഗമിക്കുന്നുണ്ട്. മുണ്ടൂർ ഐആർടിസിക്കാണ് നിർമാണച്ചുമതല. 20 ലക്ഷം രൂപയ്ക്ക് പുതിയ നൃത്തക്കളരി പണിയുന്നതിന് ശിലാസ്ഥാപനവും ചടങ്ങിൽ നടത്തും. കൂടാതെ പുതിയ ക്യാമ്പസിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനും പഴയ കലാമണ്ഡലം കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കായി വള്ളത്തോൾ പാർക്ക് നിർമിച്ച് നൽകാനും കേരള കലാമണ്ഡലം വിഭാവനം ചെയ്യുന്നുണ്ട്.
കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസിലർ ടി കെ നാരായണൻ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ്, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, ഭരണസമിതി അംഗങ്ങളായ പത്മശ്രീ പെരുവനം കുട്ടൻ മാരാർ, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. എൻ ആർ ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ഉഷ നങ്യാർ, കെ രവീന്ദ്രനാഥ്, ടി കെ വാസു, എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എ ഹരിദാസ് തുടങ്ങിയവർ പങ്കെടുക്കും.