ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം തുടരും; പോലീസിന്റെ ഹര്‍ജി തള്ളി.
കണ്ണൂർ: യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. പൊതുമുതൽ നശിപ്പിച്ച കേസിൽ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയാണ് തലശ്ശേരി സെഷൻസ് കോടതി തള്ളിയത്. വ്ളോഗർമാരായ എബിനെയും ലിബിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
ലിബിനും എബിനും ജാമ്യത്തിൽ തുടർന്നാൽ തെറ്റായ സന്ദേശമാകും നൽകുകയെന്നും, ഇരുവർക്കും കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ടെന്നുമാണ് ഹർജിയിൽ പൊലീസിന്റെ വാദം. സാമൂഹികമാധ്യമങ്ങളിലൂടെ കലാപാഹ്വാനം ചെയ്തതിൽ ഇവരുടെ പങ്ക് അന്വേഷിക്കണമെന്നും പോലീസിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ് കെട്ടിചമച്ചതുമാണെന്ന പ്രതിഭാഗത്തിന്റെ വാദത്തിന് അനുകൂലമായി കോടതി ഉത്തരവിടുകയായിരുന്നു.
വാഹനത്തിന്റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.