അച്ഛന്റെ പേരുചേർക്കാൻ കോളമില്ലാത്ത ജനന രജിസ്ട്രേഷൻ ഫോമും വേണം; ഹൈക്കോടതി.
കൊച്ചി: വിവാഹിതരല്ലാത്ത സ്ത്രീകൾ കൃത്രിമ ബീജസങ്കലനത്തിലൂടെ ജന്മം നൽകുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷനായി അച്ഛന്റെ പേര് ചേർക്കാനുള്ള കോളമില്ലാത്ത പ്രത്യേക അപേക്ഷാ ഫോറവും സർട്ടിഫിക്കറ്റും നൽകണമെന്ന് ഹൈക്കോടതി. കൃത്രിമ ബീജസങ്കലനത്തിലൂടെ ഗർഭിണിയായ യുവതി നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്. സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടുകൊണ്ടുള്ള അപേക്ഷ നൽകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും അന്തസ്സിനെ ബാധിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
സംസ്ഥാന സർക്കാരിനും ജനന മരണ വിഭാഗം ചീഫ് രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്. യുവതി എട്ടുമാസം ഗർഭിണിയായതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വിവാഹമോചനത്തിനു ശേഷമാണ് ഹർജിക്കാരി ഐ വി എഫ് മാർഗത്തിലൂടെ ഗർഭം ധരിച്ചത്. ഇങ്ങനെ ഗർഭം ധരിക്കുന്നവരോടുപോലും ആരാണ് ബീജം നൽകിയതെന്ന് പറയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയെ സമീപിച്ചത്.
നിലവിൽ മരണ സർട്ടിഫിക്കറ്റിൽ അച്ഛൻ, ഭർത്താവ് എന്നിങ്ങനെ രണ്ട് ഓപ്ഷനെ നൽകിയിട്ടുള്ളൂ. ജനന/മരണ സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ, ഭർത്താവ് എന്ന നിലയിൽ പേര് രേഖപ്പെടുത്താനുള്ള സൗകര്യം നൽകണം.
അസിസ്റ്റഡ് റിപ്രൊഡക്ടീവ് സാങ്കേതികവിദ്യയിലൂടെ (എ ആർ ടി) കുട്ടികൾക്ക് ജന്മംനൽകാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിച്ചിട്ടുള്ളതാണ്. അതിനാൽ ജനന രജിസ്റ്ററിൽ അച്ഛന്റെ പേരും രേഖപ്പെടുത്തണമെന്നുള്ള ഫോറം നൽകുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്.
ദുരുപയോഗം തടയുന്നതിനായി ഇത്തരത്തിലുള്ള രജിസ്ട്രേഷനായി സമീപിക്കുന്നവരിൽനിന്ന് എ ആർ ടി മാർഗത്തിലൂടെ ഗർഭിണിയായതാണെന്ന് കാണിക്കുന്ന സത്യവാങ്മൂലവും മെഡിക്കൽ രേഖയുടെ പകർപ്പും വാങ്ങി പ്രത്യേകം ഫോറം നൽകണം.
കാലവും സാങ്കേതികവിദ്യയും ജീവിതരീതിയുമൊക്കെ മാറുമ്പോൾ നിയമത്തിലും ചട്ടങ്ങളിലുമൊക്കെ മാറ്റം ഉണ്ടാകണമെന്നും കോടതി വിലയിരുത്തി.