കൊച്ചി - ലണ്ടൻ വിമാന സർവീസ് ആഗസ്റ്റ് 18 മുതൽ.

ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആമ്പർ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്.

കൊച്ചി: കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഒരുക്കി സിയാൽ. ഓഗസ്റ്റ് 18-ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രൂ-ലണ്ടൻ-ഹീത്രൂ പ്രതിവാര സർവീസ് ആരംഭിക്കും. എല്ലാ ബുധനാഴ്ചയുമാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനം പറക്കുന്നത്.

ഇന്ത്യയെ റെഡ് പട്ടികയിൽ നിന്ന് ആമ്പർ പട്ടികയിലേയ്ക്ക് ബ്രിട്ടൻ മാറ്റിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര സുഗമമാകുന്നത്. കേരളത്തിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് സർവീസുള്ള ഏക വിമാനത്താവളമാണ് കൊച്ചി. യൂറോപ്പിലേയ്ക്കുള്ള നേരിട്ടുള്ള സർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സിയാൽ പാർക്കിങ്, ലാൻഡിങ് ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. ഡ്രീംലൈനർ ശ്രേണിയിലുള്ള വിമാനമാണ് എയർ എന്ത്യ ലണ്ടൻ-കൊച്ചി-ലണ്ടൻ സർവീസിന് ഉപയോഗിക്കുക. എല്ലാ ബുധനാഴ്ചയും രാവിലെ 03.45-ന് കൊച്ചിയിലെത്തുന്ന വിമാനം 05.50-ന് ഹീത്രൂവിലേയ്ക്ക് മടങ്ങും. കൊച്ചി-ഹീത്രൂ യാത്രാസമയം 10 മണിക്കൂർ ആണ്.

സിയാലിന്റെയും എയർഇന്ത്യയുടേയും യോജിച്ചുള്ള പ്രവർത്തനഫലമായാണ് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങാനായതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐ എ എസ് അറിയിച്ചു.

'പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് യൂറോപ്പിലേയ്ക്ക് നേരിട്ടുള്ള സർവീസെന്നും പാർക്കിങ്, ലാൻഡിങ് ഫീസ് ഒഴിവാക്കിയതോടെ കൂടുതൽ വിമാനക്കമ്പനികൾ ഇത്തരം സർവീസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും സുഹാസ് പറഞ്ഞു. ആമ്പർ വിഭാഗത്തിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ യു കെ ഗവൺമെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പും എത്തിച്ചേരുന്ന ദിനവും കൊവിഡ് പരിശോധിക്കണം. യു കെയിൽ എത്തി എട്ടാംദിനവും പരിശോധന നടത്തണം.

Related Posts