കേരളത്തിൽ ഞെട്ടിക്കുന്ന കൊലപാതകം; കോതമംഗലത്ത് മെഡിക്കൽ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി.
കോതമംഗലം: നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശി പി വി മാനസ (24) ആണ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ സ്വദേശി രാഖിൽ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.
നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റൽ കോളേജിലെ ഹൗസ് സർജനാണ് കണ്ണൂർ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച ഉച്ചയോടെ രഖിൽ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം ഇയാൾ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
രാഖിൽ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ കോതമംഗലം പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങൾ കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാർഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായെന്ന് നിഗമനം.
കണ്ണൂർ സ്വദേശിയായ രാഖിൽ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. പിന്നീട് മാനസയുടെ മുറിയിലേക്ക് പോയ രാഖിൽ വാതിലടയ്ക്കുകയും കൈയിൽ കരുതിയ തോക്ക് ഉപയോഗിച്ച് പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തെന്നാണ് നിഗമനം.
രാഖിലിന്റെ തലയുടെ പിൻഭാഗത്താണ് വെടിയേറ്റിരിക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു. വെടിയേറ്റ് തലയുടെ പിൻഭാഗം പിളർന്നനിലയിലായിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിക്കും രണ്ടുതവണ വെടിയേറ്റെന്നാണ് കരുതുന്നതെന്നും ചിലർ പ്രതികരിച്ചു.