കേരള ലളിതകലാ അക്കാദമി സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
കേരള ലളിതകലാ അക്കാദമി 2019-20ലെ സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്‌കാരം ദിന്‍രാജിന്. 'രാജാ ആന്റ് മഹാരാജ' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് അനൂപ് രാധാകൃഷ്ണനും രതീഷ് രവിയും അര്‍ഹരായി.
1969-ല്‍ തൃശൂരിലെ വലപ്പാടാണ് ദിന്‍രാജ് ജനിച്ചത്. ഇപ്പോള്‍ ഹാസ്യകൈരളി മാസികയില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ദിന്‍രാജ് 1985 മുതല്‍ പല പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ 2008 മുതല്‍ 2017 വരെ പങ്കെടുത്തിട്ടുള്ള അദ്ദേഹത്തിന് 2008-09ലെയും 2016-17ലെയും അക്കാദമിയുടെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ദിന്‍രാജ് ഇപ്പോള്‍ തൃശൂര്‍ കേന്ദ്രീകരിച്ച് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്യുന്നു.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരം ലഭിച്ച അനൂപ് രാധാകൃഷ്ണന്‍ എറണാകുളം വൈറ്റില പൊന്നുരുന്നി സ്വദേശിയാണ്. കൊമേഴ്സില്‍ ബിരുദം ലഭിച്ച അദ്ദേഹം കൊച്ചിന്‍ കലാഭവനിലും തൃപ്പൂണിത്തുറ ചിത്രാലയയിലുമായി ചിത്രരചന പഠനം നടത്തി. 'കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ്' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അദ്ദേഹത്തിന് രണ്ട് തവണ യൂണിവേഴ്സിറ്റി തലത്തില്‍ കാര്‍ട്ടൂണിന് അഖിലേന്ത്യാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഒരു ഗ്രാഫിക് ഡിസൈനര്‍ കൂടിയായ അനൂപ് രാധാകൃഷ്ണന്‍ എറണാകുളം ജില്ലയില്‍ താമസിച്ച് കലാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു വരുന്നു.
ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായ രതീഷ് രവി കൊച്ചി പെരുമാനൂര്‍ സ്വദേശിയാണ്. 'മരട് ഫ്ളാറ്റ്' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 21 വര്‍ഷമായി കാരിക്കേച്ചര്‍, കാര്‍ട്ടൂണ്‍, ഇല്ലസ്ട്രേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ബാല്യകാലം മുതലേ കാര്‍ട്ടൂണുകളോടും കാരിക്കേച്ചറുകളോടും രതീഷ് രവിക്ക് അഭിരുചിയുണ്ടാവുകയും 2005ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. ഫൈന്‍ ആര്‍ട്സ് കോളേജില്‍ നിന്നും ചിത്രകലയില്‍ ബിരുദം നേടുകയും ചെയ്തു. ലൈവ് കാരിക്കേച്ചര്‍ രംഗത്ത് സജീവമാകുകയും പഠനശേഷം കൊച്ചി കേന്ദ്രീകരിച്ച് കലാപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു.
2019-20 വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും പുരസ്‌ക്കാരത്തിനുമായി ആകെ 59 അപേക്ഷകള്‍ ലഭിച്ചു. പ്രാഥമിക മൂല്യ നിര്‍ണയത്തില്‍ തെരഞ്ഞെടുത്ത 32 പേരുടെ 32 കലാസൃഷ്ടികള്‍ സംസ്ഥാന പുരസ്‌കാരത്തിന് പരിഗണിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്ന സംസ്ഥാന പുരസ്‌ക്കാരം (State Award) ഒരാള്‍ക്കും, 25,000 രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്ന രണ്ട് ഓണറബിള്‍ മെന്‍ഷന്‍ (Honourable Mention) പുരസ്‌ക്കാരങ്ങളുമാണ് നല്‍കുന്നത്. കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി, അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ്, സെക്രട്ടറി പി.വി. ബാലന്‍, നിര്‍വ്വാഹകസമിതി അംഗങ്ങളായ പോള്‍ കല്ലാനോട്, കാരക്കാമണ്ഡപം വിജയകുമാര്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.