വ്യാപാരികള്‍ക്ക്‌ ഇളവുകൾ; ബക്രീദ്‌ ഇളവ്‌ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ.

തിരുവനന്തപുരം :

ബക്രീദ്‌ പ്രമാണിച്ച്‌ ഞായർ, തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ നിയന്ത്രണങ്ങളില്‍ ഇളവ്‌. കടകള്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം. ഇന്ന്‌ വാരാന്ത്യ ലോക്ഡൗണ്‍. ആഴ്‌ചകള്‍ക്കുശേഷമാണു ഞായറാഴ്‌ച നിയന്ത്രണം ഒഴിവാക്കുന്നത്‌. ഇളവുകള്‍ ഓണം കഴിയുന്നതുവരെ തുടരാനും സാധ്യത.

സര്‍ക്കാര്‍ തീരുമാനത്തേ തുടര്‍ന്ന്‌, ഇന്നു നടത്താനിരുന്ന സമരത്തില്‍നിന്നു പിന്‍മാറുന്നതായി കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. 18, 19, 20 തീയതികളില്‍ എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന മേഖലകളില്‍ അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന (പലചരക്ക്‌, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകള്‍ക്കു പുറമേ തുണി, ചെരുപ്പ്‌, ഇലക്‌ട്രോണിക്‌സ്‌, ഫാന്‍സി കടകള്‍ക്കും ജൂവലറികള്‍ക്കും രാത്രി എട്ടുവരെ പ്രവര്‍ത്തനാനുമതി നല്‍കും.

ടി പി ആർ15-നു മുകളിലുള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവുകളില്ല. ഈ വിഭാഗത്തില്‍ സംസ്‌ഥാനത്ത്‌ 205 പ്രദേശങ്ങളുണ്ട്‌.

ഉച്ചകഴിഞ്ഞ്‌ മൂന്നരയ്‌ക്കു നടന്ന ചര്‍ച്ചയില്‍ വ്യാപാരികളുടെ ബുദ്ധിമുട്ട്‌ മനസിലാക്കി സാധ്യമായ നടപടികള്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഏകോപനസമിതി പ്രസിഡണ്ട് ടി നസിറുദ്ദീന്‍ പറഞ്ഞു.

ഓണം വരെ എല്ലാ കടകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണു പ്രതീക്ഷ. വൈദ്യുതിനിരക്ക്‌, വില്‍പ്പനനികുതി, ജി എസ്‌ ടി അപാകതകളിലും ക്ഷേമനിധി വിഷയത്തിലും പരിഹാരം ഉറപ്പുലഭിച്ചതായി വ്യാപാരികള്‍ പറഞ്ഞു.

വെള്ളപ്പൊക്കവും കൊവിഡും മൂലം കഴിഞ്ഞ മൂന്ന്‌ ഓണക്കാലത്തു കച്ചവടം നഷ്‌ടപ്പെട്ടെന്നു നേതാക്കള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. നിയമം ലംഘിക്കാന്‍ ഉദ്ദേശിച്ചില്ല. കടകള്‍ തുറക്കുമെന്ന് പറഞ്ഞതു പ്രതിഷേധത്തിന്റെ ഭാഗമായാണ്‌. പ്രതിഷേധിച്ച വ്യാപാരികള്‍ക്കെതിരേ രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ പിന്‍വലിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. സംഘടനയുടെ 14 ജില്ലാ പ്രസിഡണ്ടുമാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Posts