ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ച് സർക്കാർ.
തിരുവനന്തപുരം: ഞായറാഴ്ചകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ ഞായറാഴ്ച മുതൽ ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടാകും.
സ്വാതന്ത്ര്യദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വീണ്ടും ഗണ്യമായ വർധനവ് രേഖപ്പെടുത്തുന്നത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.
കഴിഞ്ഞ രണ്ട് ദിവസവും സംസ്ഥാനത്ത് പ്രതിദിന കേസുകൾ 30,000ന് മുകളിലാണ്. ടി പി ആറും കൂടിയിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ പൊതുഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം അനുമതി.