കൊടുത്തതെല്ലാം ഡൂപ്ലിക്കേറ്റുകൾ, പറഞ്ഞതെല്ലാം പച്ചക്കള്ളം; മോൻസൺ കഥകൾ തുടരുന്നു
മോൻസൺ മാവുങ്കൽ എന്ന പറ്റിപ്പിൻ്റെ പതിനൊന്നാം അവതാരം പിറവിയെടുത്തത് മലയാളിയുടെ മന:ശാസ്ത്രം നന്നായി മുതലെടുത്താണ്. ഒറിജിനലായാലും വ്യാജനായാലും ഇക്കാര്യത്തിൽ അയാൾ ഒരു ഡോക്ടർ തന്നെ. മന:ശാസ്ത്രത്തിലാണ് മോൻസൺ ഡോക്ടർക്ക് അസാമാന്യ വൈദഗ്ധ്യം എന്നു മാത്രം! സോഷ്യൽ മീഡിയയിലൂടെ മോൺസണെപ്പറ്റി പ്രചരിക്കുന്ന കഥകളെയും അതിലെ കഥാപാത്രങ്ങളെയും പറ്റി ചിന്തിച്ചാൽ സാമാന്യ ബോധമുള്ളവരാരും മൂക്കത്തുവിരൽ വെച്ചുപോകും.
സൗജന്യങ്ങളുടെയും സമ്മാനങ്ങളുടേയും പിറകേ മറ്റൊന്നും നോക്കാതെ പായുന്നവനാണ് മലയാളി എന്ന പഴി പണ്ടേയുള്ളതാണ്. പറയുന്നതുകൊണ്ട് പരിഭവിച്ചിട്ടു കാര്യമില്ല. അതാണ് യാഥാർഥ്യം. വെറുതേ കിട്ടുമെന്ന് കേട്ടാൽ കമിഴ്ന്നടിച്ചു വീഴും. പക്ഷേ അത് തുറന്നു സമ്മതിക്കാനുള്ള മനസ്സില്ല. ഇക്കാര്യത്തിൽ തമിഴൻമാരെയാണ് എല്ലാവരും കുറ്റപ്പെടുത്താറ്. സൗജന്യങ്ങൾ കൊടുത്താൽ സർക്കാരു പോലും ഗ്യാരണ്ടിയായ തമിഴരിൽനിന്ന് പ്രബുദ്ധ മലയാളിയിലേക്ക് ബഹുദൂരമുണ്ടെന്നാണ് വെപ്പ്. അതിൽ കാര്യമില്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു. സൗജന്യമായി കിറ്റു കിട്ടിയാൽ മണിയൻപിള്ള രാജു പോലും ആഹ്ലാദം മറച്ചുവെയ്ക്കാറില്ല.
സിനിമാ താരങ്ങൾ അടക്കമുള്ള വമ്പൻമാരെ വീഴ്ത്താൻ മോൻസൺ പ്രയോഗിച്ചതും ഇതേ അടവുതന്നെ. ഗ്ലാമറിൻ്റെ പുറംമോടിയല്ലാതെ, ഉള്ളിലൊന്നുമില്ലാത്ത സംവിധായകരേയും താരങ്ങളേയും ഗായകരേയും പാട്ടിലാക്കാൻ അവരുടെ ദൗർബല്യങ്ങളിലാണ് അയാൾ കണ്ണുവെച്ചത്. ലക്ഷങ്ങൾ വിലയുള്ള കോറം ലക്ഷ്വറി വാച്ചാണെന്നും ബ്ലാക്ക് ഡയമണ്ടിൽ തീർത്ത മോതിരമാണെന്നും പറഞ്ഞ് എം ജി ശ്രീകുമാറിന് സമ്മാനിച്ചത് ബെംഗളൂരുവിലെയോ ഡൽഹിയിലെയോ അങ്ങാടിയിൽനിന്ന് വാങ്ങിയ ഡൂപ്ലിക്കേറ്റ് വാച്ചും മോതിരവും! ചേർത്തലയിലോ കൊച്ചിയിലോ ഉള്ള ആശാരിമാരുടെ പണിപ്പുരയിലാണല്ലോ മോശയുടെ അംശവടിയും മൈസൂർ മഹാരാജാക്കന്മാരുടെ ചെങ്കോലും ഉരുവം കൊണ്ടത് !! തങ്കപ്പനാശാരി പണിഞ്ഞ ടിപ്പുവിൻ്റെ സിംഹാസനത്തിൽ ഞെളിഞ്ഞിരുന്നാണ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ അംഗമായിരുന്ന ലോക്നാഥ് ബെഹ്റ എന്ന
ഐപിഎസുകാരൻ ആനന്ദതുന്ദിലനായത് !!! കുറ്റാന്വേഷണത്തിൽ കാഞ്ഞ ബുദ്ധിക്കാരനെന്ന് കേൾവികേട്ട ഒഡിയക്കാരനെ ഈ വിധത്തിൽ പറഞ്ഞു പറ്റിക്കാമെങ്കിൽ കൊച്ചുകൊച്ചു 'സംഗതി'കളിൽ മാത്രം പിടിപാടുള്ള ശ്രീക്കുട്ടനെ കുരങ്ങു കളിപ്പിക്കാനാണോ പാട്...
സെക്കൻ്റ്സിനും ഡൂപ്ലിക്കേറ്റുകൾക്കും പേരുകേട്ട ബ്ലാക്ക് മാർക്കറ്റുകളായിരുന്നു മോൻസൻ്റെ ഷോപ്പിങ്ങ് കേന്ദ്രങ്ങൾ. 55 ലക്ഷം വിലവരുന്ന കോറത്തിൻ്റെ അഡ്മിറൽ മോഡലിന് ബെംഗളൂരുവിലെയോ ചാന്ദ്നി ചൗക്കിലെയോ ഡൂപ്ലിക്കേറ്റ് മാർക്കറ്റിൽ കഷ്ടി 5000 കൊടുത്താൽ മതി. ഇത്തരം ഇൻസ്റ്റൻ്റ്, റെഡിമെയ്ഡ് പുരാവസ്തുക്കളും സെക്കൻ്റ്ഹാൻ്റ്, തേഡ്ഹാൻ്റ് കാറുകളും സമ്മാനിച്ചാണ് സെലിബ്രിറ്റി താരങ്ങളുടെ ഉറ്റതോഴനായി മോൻസൺ മാറിയത്. അഥവാ മോൻസൺ എന്ന മഹാനായ പുരാവസ്തു ഗവേഷകൻ്റെ അടുപ്പക്കാരനാവാനുള്ള സുവർണാവസരം നമ്മുടെ താരങ്ങൾക്ക് കൈവന്നത്.
"എക്സ്പെൻസീവ് "എന്നും "റെയർ", ''ആൻ്റിക്ക് '', ''യുണീക്ക് '' എന്നുമൊക്കെ കേട്ടാൽ കൊലകൊമ്പൻമാരായ പൊലീസ് ഓഫീസർമാർവരെ അടിതെറ്റിവീഴുമെന്നാണ് അരമന രഹസ്യം അങ്ങാടിപ്പാട്ട്. അവരെ അങ്ങനെ തന്നെ പറഞ്ഞു പറ്റിച്ചു കെണിയിൽ വീഴ്ത്തുന്നതിലായിരുന്നു മോൻസൺ എന്ന കില്ലാടി ഫ്രോഡിൻ്റെ മിടുക്കും വൈദഗ്ധ്യവും. ആഡംബര വാച്ചുകൾ, സൺഗ്ലാസ്സുകൾ, അമൂല്യ രത്നങ്ങൾ പതിച്ച മോതിരങ്ങൾ, മാലകൾ, വിലയേറിയ സുഗന്ധദ്രവ്യങ്ങൾ...വമ്പൻ സ്രാവുകളെ വലയിൽ വീഴ്ത്താൻ മോൻസൺ വിതറിയ ഇരകളായിരുന്നു ഇവയെല്ലാം.
തൻ്റെ പുരാവസ്തുക്കളുടെ പ്രചാരകനായി മാറിയ തൃശ്ശൂർക്കാരൻ യൂട്യൂബർക്ക് മോൻസൺ സമ്മാനിച്ചത് 400 വർഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ശ്രീകൃഷ്ണൻ്റെ പെയ്ൻ്റിങ്ങാണ്. മഹാനായ പുരാവസ്തു ശേഖരക്കാരനിൽ നിന്ന് അമൂല്യവും അനന്യവുമായ ആ 'യുണീക്ക് പെയ്ൻ്റിങ്ങ് ' ഏറ്റുവാങ്ങിയപ്പോൾ രോമാഞ്ച പുളകിതനായ പാവം യൂട്യൂബർ ഇപ്പോൾ അണ്ടി കളഞ്ഞുപോയ അണ്ണാനെപ്പോലെ വൈക്ലബ്യത്തിലാണ്.
ഒരു കാര്യം ഉറപ്പിച്ചും തറപ്പിച്ചും പറയാം.
മോൻസൺ മാവുങ്കൽ ഒരു പ്രതീകം മാത്രമാണ്. സരിതയായും സ്വപ്നയായും മോൻസണായും അവതാരങ്ങൾ മാറിമാറി വരും. വിദ്യാസമ്പന്നരെന്ന് കൊട്ടിഘോഷിച്ച് നടക്കുമ്പോഴും അനുഭവങ്ങളിൽനിന്ന് നാം പാഠമൊന്നും പഠിക്കാറില്ല. പ്രബുദ്ധത കേവലമായ മുഖാവരണം മാത്രമായ ഫെയ്ക്ക് മലയാളിയുടെ റിയൽ സ്വരൂപം തുറന്നുകാണിക്കാൻ നിയോഗിക്കപ്പെട്ട ഡൂപ്ലിക്കേറ്റ് മാത്രമാണ് മോൻസൺ. മോൻസൺമാർ ഇനിയുമുണ്ടാകും. പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം നീണ്ടുപരന്നു കിടക്കുകയാണ്.