'ഈശോ' സിനിമയ്ക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: 'ഈശോ' സിനിമയ്ക്കെതിരേ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഏതാനും വൈദികരും വിശ്വാസികളും രംഗത്ത് വന്നിരുന്നു. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയിൽ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം. 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനും പോസ്റ്ററിൽ ഉണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കി പുതിയ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തു. നാദിർഷയെ പിന്തുണച്ച് സിനിമാപ്രവർത്തകരും മറ്റു ചില വൈദികരും രംഗത്തെത്തിയിരുന്നു.

Related Posts