പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം വന്നെത്തി.
കര്‍ക്കിടകത്തിലെ കഷ്ടനഷ്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം ഇങ്ങെത്തി. അത്തത്തില്‍ തുടങ്ങി തിരുവോണം വരെയുള്ള പത്ത് നാളുകള്‍ കേരളീയര്‍ ഓണമായി ആഘോഷിക്കുന്നു. മാവേലി മന്നനെ വരവേല്‍ക്കുവാന്‍ ഓരോ വീട്ടിലും പൂക്കളമൊരുക്കുന്നു.
കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം നീങ്ങിയെങ്കിലും, അന്യ നാടുകളില്‍ നിന്നും വില്പനയ്ക്കായി എത്തുന്ന പൂക്കള്‍ കൊണ്ട് നാം പൂക്കളം തീര്‍ക്കുവാന്‍ തുടങ്ങി.
അത്തം കറുത്താൽ ഓണം വെളുക്കുമെന്നാണ് ചൊല്ല്. ഇത്തവണയും കർക്കടകത്തിന്റെ കരിക്കാറുകൾക്കിടയിലാണ് അത്തമെത്തുന്നത്.
ഓണത്തിന്റെ പൂവിളിയുണർത്തുന്ന പത്ത് നാളുകള്‍ക്കാണ് അത്തം മുതല്‍ തുടക്കമാവുന്നത്. അത്തം തുടങ്ങി അഞ്ചാംദിവസം 17-നാണ് ചിങ്ങം പിറക്കുന്നത്. അതിന് അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ അത്തം പത്ത്. ഉത്രാടനാളായ 20-ന് ഒന്നാം ഓണവും 21-ന് തിരുവോണവുമാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തിന് സമാനമായി അത്തവും ഓണവും ഇക്കുറിയും പരിമിതമായ ആഘോഷത്തിലൊതുങ്ങിയേക്കും.
എന്നാൽ ഓണസമൃദ്ധിക്കു മുന്നോടിയായി വീട്ടുമുറ്റങ്ങളിൽ നാട്ടുപൂക്കളാൽ പൂക്കളങ്ങൾ വിരിയും.
അത്തം തുടങ്ങുന്നതോടെ ഓണവിപണിയും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ സ്ഥാപനങ്ങൾ ഓണച്ചന്തകൾ തുടങ്ങിക്കഴിഞ്ഞു. ഖാദി, കൈത്തറി എന്നിവയുടെ വിലക്കുറവോടെയുള്ള മേളകൾ നടത്തുന്നുണ്ട്. ആടിക്കിഴിവും ഓണപ്പൊലിമയും ഒന്നിച്ചെത്തുമ്പോൾ വസ്ത്രശാലകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും വരുംദിവസങ്ങളിൽ തിരക്കേറും. എല്ലായിടത്തും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായി പാലിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.