മുഷ്‌താഖ് അലി ട്രോഫിയിൽ കേരളം പ്രീക്വാർട്ടറിൽ പുറത്ത്

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂർണമെന്‍റിൽ പ്രീക്വാർട്ടറിൽ സൗരാഷ്ട്രയോട് തോറ്റ് കേരളം പുറത്ത്. 9 റൺസിൻ്റെ ജയത്തോടെ സൗരാഷ്ട്ര ക്വാര്‍ട്ടറിലെത്തി. ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെയും സച്ചിൻ ബേബിയുടെയും അർധസെഞ്ച്വറികൾ കേരളത്തെ തുണച്ചില്ല. 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 20 ഓവറിൽ 4 വിക്കറ്റിന് 174 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സഞ്ജു 38 പന്തിൽ 59 റൺസ് എടുത്താണ് പുറത്തായത്. 11 ഓവറിൽ 100 കടന്നിട്ടും കേരളത്തിന് ജയിക്കാനായില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് നാലാം പന്തിൽ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ നഷ്ടമായി. രോഹൻ കുന്നുമ്മൽ 18 പന്തിൽ 22 റൺസ് നേടി. സഞ്ജു സാംസണും സച്ചിൻ ബേബിയും ചേർന്ന് ഉണ്ടാക്കിയ 98 റൺസിൻ്റെ കൂട്ടുകെട്ടാണ് കേരളത്തിന് പ്രതീക്ഷ നൽകിയത്. 16ാം ഓവറിലെ ആദ്യ പന്തിൽ പക്ഷേ സഞ്ജു (38 പന്തിൽ 59) പുറത്തായി. സച്ചിൻ ബേബി (47 പന്തിൽ 64) അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ഫലമുണ്ടായില്ല. അബ്ദുൾ ബാസിത് 7 പന്തിൽ 12 റൺസ് എടുത്ത് മടങ്ങി. സച്ചിനൊപ്പം വിഷ്ണു വിനോദ് 7 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര കേരളത്തിനെതിരെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് ആണ് നേടിയത്. ഷെല്‍ഡണ്‍ ജാക്‌സന്‍ (44 പന്തിൽ 64), സമർത്ഥ് വ്യാസ് (18 പന്തിൽ 34), വിശ്വരാജ് ജഡേജ (23 പന്തിൽ 31) എന്നിവരാണ് സൗരാഷ്ട്രയ്ക്ക് കരുത്തേകിയത്. ഓപ്പണർമാരായ ഹർവിക് ദേശായി 12നും, ചേതേശ്വർ പുജാര 11നും പുറത്തായി. കേരളത്തിനായി കെ എം ആസിഫ് മൂന്ന് വിക്കറ്റും ഉണ്ണികൃഷ്ണൻ മനു കൃഷ്ണൻ രണ്ടും എസ് മിഥുൻ ഒരു വിക്കറ്റും വീഴ്ത്തി.

Related Posts