മാത്തൂര്‍ പഞ്ചായത്തിൽ ഇനി 'സാര്‍', 'മാഡം' ഇല്ല; അപേക്ഷ വേണ്ട, ആവശ്യപ്പെടാം.

മാത്തൂര്‍: ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും 'സാര്‍', 'മാഡം' എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കി പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചായത്ത് ചേര്‍ന്ന യോഗമാണ് വേറിട്ടൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിക്കിയത്. ഇത്തരം അഭ്യര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളാണ് ഇത്തരം വാക്കുകള്‍ എന്നതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാറുമാണ് നമ്മെ ഭരിക്കുന്നത് - ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ആര്‍ പ്രസാദ് പറയുന്നു.

ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍ അറിയിച്ചു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം.

ജീവനക്കാരുടെ പേരുകള്‍ അവരുടെ സ്ഥാനങ്ങളില്‍ എഴുതിവയ്ക്കും.  പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങൾ പേരുകളോ സ്ഥാനങ്ങളോ വച്ച് അഭിസംബോധന ചെയ്യാം. മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം 'ചേട്ട', 'ചേച്ചി' എന്നീ വാക്കുകള്‍ ഉപയോഗിക്കാം.

വിധേയത്വം തോന്നുന്ന തരത്തിലുള്ള ഭാഷാപ്രയോഗമോ വിളിയോ ഇല്ലെന്ന കാരണത്താല്‍ ഏതെങ്കിലും സേവനം നിഷേധിക്കപ്പെട്ടാല്‍ അത് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയായി നല്‍കാം എന്നും മാത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി പറയുന്നു. ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദ്യാര്യമല്ല - പഞ്ചായത്ത് പ്രമേയം പറയുന്നു.

Related Posts