ദുബൈ എക്സ്പോയിൽ ഫെബ്രുവരി 4 മുതൽ കേരള പവലിയൻ
ദുബൈ എക്സ്പോയിൽ ഫെബ്രുവരി 4 മുതൽ കേരള പവലിയൻ
ആരംഭിക്കുന്നു. ഫെബ്രുവരി 10 വരെയാണ് പവലിയൻ പ്രവർത്തിക്കുക. ആഗോള നിക്ഷേപക സമൂഹത്തിന് മുന്നിൽ കേരളത്തിലെ വ്യവസായ സാധ്യതകളും അവസരങ്ങളും അവതരിപ്പിക്കാനാണ് പവലിയൻ ലക്ഷ്യമിടുന്നത്.
കേരളത്തിലേക്ക് വിദേശ നിക്ഷേപകരെ എത്തിക്കാനുള്ള നടപടികൾക്ക് ഇന്ത്യൻ അധികൃതരും ബിസ്നസ് സമൂഹവും പൂർണ പിന്തുണ ഉറപ്പു നൽകിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേരളത്തിൻ്റെ വ്യവസായ മുന്നേറ്റത്തിന് പുതിയ വേഗവും മാനവും പകരാൻ ദുബൈ എക്സ്പോ അവസരമൊരുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം വിദേശ നിക്ഷേപകരെ പരിചയപ്പെടുത്തി പുതിയ നിക്ഷേപം എത്തിക്കാനുള്ള പരിപാടികൾ എക്സ്പോയുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതിന്റെ ഭാഗമായി രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി രണ്ട് നിക്ഷേപക സംഗമങ്ങളും ദുബൈയിൽ സംഘടിപ്പിക്കും.
അറബ്, രാജ്യാന്തര വ്യവസായികളെ ഉൾപ്പെടുത്തി ഒരു നിക്ഷേപക സംഗമവും മലയാളി വ്യവസായികളെ ഉൾപ്പെടുത്തി മറ്റൊരു സംഗമവുമാണ് അഞ്ച്, ആറ് തീയതികളിലായി സംഘടിപ്പിക്കുന്നത്. ഇതിനു പുറമേ കേരളത്തിൽ നിന്നുള്ള കലാസാംസ്കാരിക പരിപാടികളും ഇന്ത്യൻ പവലിയനിൽ ദിവസവും അരങ്ങേറും.