രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച
വയനാട്: രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന് സുരക്ഷയൊരുക്കുന്നതിൽ കേരള പോലീസ് പരാജയപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എസ്എഫ്ഐ ആക്രമണത്തെ തുടർന്ന് കൽപ്പറ്റയിലെ എംപിയുടെ ഓഫീസ് സന്ദർശിച്ചപ്പോഴായിരുന്നു വീഴ്ച . ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ജൂൺ 30 മുതൽ ജൂലൈ 3 വരെയാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശിച്ചത്. മാവോയിസ്റ്റ് മേഖലയായതിനാൽ പ്രത്യേക സുരക്ഷയിൽ പാർപ്പിച്ചിരിക്കുന്ന നേതാക്കളുടെ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എം.പിയുടെ ഓഫീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ ജില്ലാ പ്രസിഡണ്ട് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.