ഓൺലൈൻ പണമിടപാടുകൾക്ക് പബ്ലിക്-വൈഫൈ ഉപയോഗിക്കരുതെന്ന് കേരള പൊലീസ്
പബ്ലിക്-വൈഫൈ ഉപയോഗിച്ചുള്ള ഓൺലൈൻ പണമിടപാടുകൾ ഒഴിവാക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അവ സുരക്ഷിതമല്ലെന്നും സ്വകാര്യത ഉൾപ്പെടെ അപകടത്തിലാവുമെന്നും പൊലീസ് പറയുന്നു.
മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട് സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും അവ പലപ്പോഴും സുരക്ഷിതമല്ല. പബ്ലിക്-വൈഫൈ നെറ്റ് വർക്കുമായി കണക്റ്റ് ചെയ്ത് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ വിവരങ്ങൾ കൈമാറുമ്പോൾ അവ മറ്റാരെങ്കിലും കൈക്കലാക്കാനുള്ള സാധ്യതയുണ്ട്. അത്തരക്കാർക്ക് വൈഫൈ ഉപയോക്താവിന്റെ സെഷൻ ഹൈജാക്ക് ചെയ്ത് അവരെപ്പോലെ ലോഗിൻ ചെയ്യാൻ കഴിയുമെന്ന് പൊലീസിന്റെ ജാഗ്രതാ സന്ദേശം പറയുന്നു.
സൗജന്യമായി ലഭിക്കുന്ന ഹാക്കിങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കു പോലും ഇത് സാധിക്കും. ഇതുവഴി വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ വിവരങ്ങൾ എന്നിവ നഷ്ടമാവാൻ ഇടയുണ്ട്.
സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ മറ്റു വെബ് സൈറ്റുകളിൽ യൂസർ ഐഡിയും പാസ് വേഡും ഹാക്ക് ചെയ്യുന്നതിനോ കോൺടാക്റ്റ് ലിസ്റ്റിലെ വ്യക്തികളെ തട്ടിപ്പിന് ഇരയാക്കുന്നതിനോ പബ്ലിക് വൈഫൈ ഉപയോഗം കാരണമായേക്കാം എന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പുകാരുടെ പക്കൽ സാമ്പത്തികമോ വ്യക്തിഗതമോ ആയ വിവരങ്ങൾ എത്തിപ്പെടാൻ ഇടയായാൽ ഐഡൻ്റിറ്റി തട്ടിപ്പിന് ഇരയാകും എന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്.