"പോടാ പൈത്യക്കാരാ നിനക്കിനിയും നേരം വെളുത്തില്ലേ"- രസികൻ ട്രോളുമായി കേരള പൊലീസ്

ഓൺലൈൻ ലോകത്തെ തട്ടിപ്പുകളെപ്പറ്റി ഇടയ്ക്കിടെ കേരള പൊലീസ് ഓർമിപ്പിക്കാറുണ്ട്. വ്യാജന്മാരെയും തട്ടിപ്പുകാരെയും പറ്റി എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും പറ്റിപ്പിൻ്റെ കഥകൾ നിരന്തരം പുറത്തുവരാറുണ്ട്.

ഓൺലൈനിൽ കോടികളുടെ ലോട്ടറിയടിച്ചു എന്ന് എസ് എം എസ്സായോ ഇ മെയിലായോ ഒരു തരികിട സന്ദേശം കിട്ടിയാൽ മറ്റൊന്നും നോക്കാതെ അവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തും വെബ്സൈറ്റിൽ കേറിയും ആവശ്യപ്പെടുന്ന വിവരങ്ങൾ മുഴുവൻ നൽകാൻ മാത്രം മണ്ടത്തരം കൈയിലുള്ളവരാണ് മലയാളികൾ. വിദ്യാസമ്പന്നരെന്നോ അല്ലാത്തവരെന്നോ ഇതിൽ വ്യത്യാസമില്ല.

രസികൻ ട്രോളുകളിലൂടെ ഓൺലൈൻ തട്ടിപ്പുകാർക്കെതിരെയുള്ള ബോധവത്കരണം പരമാവധി ലളിതവും ജനകീയവുമാക്കാനാണ് പൊലീസിൻ്റെ ശ്രമം. പുതിയ ട്രോൾ അത്തരത്തിലുള്ളതാണ്. മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രത്തിലെ ദൃശ്യങ്ങളാണ് ട്രോളിനായി ഉപയോഗിച്ചിട്ടുള്ളത്. ജഗതിയും മീനയും നരേന്ദ്ര പ്രസാദും തകർത്തഭിനയിച്ച രസകരമായ ദൃശ്യങ്ങൾ ഓർമ വരും. എസ് എം എസ്സായും ഇ മെയിലായും ലോട്ടറി അടിച്ചെന്ന സന്ദേശം ലഭിച്ചാൽ "ചിലപ്പോൾ ബിരിയാണി കിട്ടിയാലോ" എന്ന് വിചാരിക്കുന്നവരോട് "പോടാ പൈത്യക്കാരാ നിനക്കിനിയും നേരം വെളുത്തില്ലേ" എന്ന ചോദ്യം തന്നെയാണ് ഉയർത്തേണ്ടത്.

Related Posts