ഒഴിവിന് ആനുപാതികമായി പി എസ് സി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം പരിഗണനയില്‍; മുഖ്യമന്ത്രി.
പി എസ് സി റാങ്ക് ലിസ്റ്റുകൾ ചുരുക്കിയേക്കും.
തിരുവനന്തപുരം: ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങൾ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജൻ പറഞ്ഞു. ഇക്കാര്യത്തിൽ ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മീഷനെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
റാങ്ക് ലിസ്റ്റുകളുടെ കാലാവധിയ്ക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളും പി എസ് സിക്ക് റിപ്പോർട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകൾ യഥാസമയം കൃത്യതയോടെ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികൾക്കും സർക്കാർ കർശന നിർദ്ദേശം നൽകി വരുന്നുണ്ട്.
നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാൾ മൂന്ന് മുതൽ അഞ്ച് ഇരട്ടി വരെ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയാണ് പി എസ് സി റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നത്. നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേയ്ക്ക് സംവരണ തത്വങ്ങൾ പാലിച്ചാണ് റാങ്ക് ലിസ്റ്റുകളിൽ നിന്നും പി എസ് സി നിയമന ശിപാർശകൾ നൽകിവരുന്നത്. ഈ സാഹചര്യത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കെല്ലാം നിയമനം ലഭ്യമാവുകയില്ല.
പി എസ് സി നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകൾ, അതിൽ ഇപ്പോൾ ജോലി ചെയ്യുന്നവർ, അവരുടെ വിരമിക്കൽ തീയതി, ദീർഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകൾ, തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ/സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.